ദമ്മാം: വ്യോമ ഗതാഗത നിയന്ത്രണത്തിലും സുരക്ഷയിലും അഭിമാന നേട്ടവുമായി സൗദി എയർ നാവിഗേഷൻ സർവിസസ് (എസ്.എ.എൻ.എസ്) അഞ്ചാം സ്ഥാനത്ത്. ആഗോള സമിതിയായ സിവിൽ എയർ നാവിഗേഷൻ സർവിസസ് ഓർഗനൈസേഷൻ (സി.എ.എൻ.എസ്.ഒ) പ്രഖ്യാപിച്ച 2020ലെ ഗ്ലോബൽ സേഫ്റ്റി അച്ചീവ്മെൻറ് അവാർഡാണ് സൗദിക്ക് പൊൻതൂവലായത്.
വ്യോമ ഗതാഗത രംഗത്തെ സുരക്ഷയും നിയന്ത്രണവും ഉറപ്പുവരുത്തുന്ന രാജ്യങ്ങളുടെ പ്രകടന മികവ് അടിസ്ഥാനമാക്കിയാണ് അവാർഡ്. പശ്ചിമേഷ്യയിൽ നിന്ന് സൗദി മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചതെന്നതും ശ്രദ്ധേയമാണ്.എയർ ട്രാഫിക് മാനേജ്മെൻറിെൻറ വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച് വാർഷിക വിലയിരുത്തലിനൊടുവിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
വിമാനങ്ങളുടെ സുരക്ഷിതമായ സഞ്ചാരത്തിനും ആഗമന-പുറപ്പെടലുകൾക്കും വഴിയൊരുക്കുന്ന, പല തലങ്ങളിലെ നിർണായകമായ വിവരങ്ങളുടെ ശേഖരണം, കൈമാറ്റം, ഏകോപനം, കൃത്യമായ നിർവഹണം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ ഉറപ്പുവരുത്തിയാണ് എയർ ട്രാഫിക് സംവിധാനം പ്രവർത്തിക്കുന്നത്. സൗദി എയർ നാവിഗേഷെൻറ മേൽനോട്ടത്തിൽ സുരക്ഷ ഉറപ്പുവരുത്തുന്ന നിരവധി പദ്ധതികൾ ഇതിനകം നടപ്പാക്കിയിരുന്നു.
77 ദിവസം കൊണ്ട് സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോം സിറ്റിയിൽ വ്യോമ ഗതാഗതത്തിന് പ്രാപ്യമാക്കുന്ന സംവിധാനങ്ങൾ യാഥാർഥ്യവുമാക്കിയത് കൈയ്യടി നേടിയിരുന്നു. പശ്ചിമേഷ്യയിൽ വ്യോമ ഗതാഗത രംഗത്തെ പ്രധാന സാന്നിധ്യമായ സൗദി കമ്പനി എസ്.എൻ.എ.എസ് കൂടുതൽ മികച്ച സേവനങ്ങൾ നൽകാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.