ജിദ്ദ: റമദാനിൽ മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള പദ്ധതികളും സേവനങ്ങളും ഇരുഹറം കാര്യാലയം ആരംഭിച്ചു. തീർഥാടകർക്ക് ആരാധന കർമങ്ങൾ എളുപ്പമാക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത്. സാങ്കേതിക, സേവന രംഗത്ത് 30ഓളം പദ്ധതികളാണ് റമദാനിലേക്ക് ഒരുക്കിയിരിക്കുന്നതെന്ന് സേവന സാേങ്കതികകാര്യ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽജാബിരി പറഞ്ഞു. കാർപറ്റ്, ശുചീകരണം, സംസം, കവാടങ്ങൾ, നിരീക്ഷണം, ഗതാഗതം, ഒാപറേഷൻ ആൻഡ് മെയിൻറനൻസ് എന്നീ വകുപ്പുകൾക്ക് കീഴിൽ വിവിധ സേവന പ്രവർത്തനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നമസ്കാര വിരിപ്പുകൾ നീക്കിയശേഷം ദിവസം പത്ത് തവണ ഹറമിലെ നിലം കഴുകും. മുഴുസമയം സ്ഥലങ്ങൾ അണുമുക്തമാക്കുകയും സുഗന്ധം പൂശുകയും ചെയ്യും. പള്ളിയുടെ വിവിധ ഭാഗങ്ങളിൽ സംസം ഒരുക്കും. ആരോഗ്യ മുൻകരുതലിന് അനുസൃതമായി നമസ്കാരം നടക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ബാഗുകളിലാക്കി സംസം വിതരണം ചെയ്യും. പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കും. മുൻകരുതൽ നടപടികൾ പാലിച്ച് ആശ്വാസത്തോടെ ആളുകൾക്ക് ആരാധനകൾ നിർവഹിക്കാൻ അവസരമൊരുക്കും.
നമസ്കാര സ്ഥലങ്ങളിലേക്ക് ആളുകളെ തിരിച്ചുവിടാനും നിയമലംഘനങ്ങൾ തടയാനും കവാടങ്ങളിൽ ആവശ്യമായ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കും. പകർച്ചവ്യാധികളില്ലാതെ, ആരാധനക്ക് ആരോഗ്യകരമായ അന്തരീക്ഷമൊരുക്കാൻ ഉപരിതലങ്ങളും നിലകളും മുഴുസമയം അണുമുക്തമാക്കും. ഹറമിെൻറ വിശുദ്ധി കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ പിടികൂടാൻ നിരീക്ഷണം നടത്തും. ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തുകയും റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യും.
താഴെനില ത്വവാഫ് ചെയ്യുന്നവർക്കും ഉന്തുവണ്ടികൾക്കും മാത്രമാക്കി നിശ്ചയിക്കും. ലൈറ്റിങ് സംവിധാനങ്ങൾ, വെൻറിലേഷൻ യൂനിറ്റുകൾ, ഫാനുകൾ തുടങ്ങിയ നിശ്ചിത ഷെഡ്യൂളുകൾ അനുസരിച്ച് പ്രവർത്തിപ്പിക്കും. കുദായ് പവർ സ്റ്റേഷെൻറ പ്രവർത്തന ക്ഷമത ഉറപ്പുവരുത്തും. ഹറമിനകത്തെ എയർകണ്ടീഷനിങ് യൂനിറ്റുകളും പ്രവർത്തനവും റിപ്പയറിങ് ജോലികളും പരിശോധിച്ചുകൊണ്ടിരിക്കും. കൂളിങ് യൂനിറ്റുകളുടെയും സൗണ്ട് സംവിധാനങ്ങളുടെയും പ്രവർത്തനക്ഷമത ഉറപ്പുവരുത്തും.
ലിഫ്റ്റുകൾ സജ്ജമാണെന്ന് പരിശോധിക്കും. ഹറമിനകത്തും പുറത്തുമുള്ള സ്ക്രീനുകൾ പ്രവർത്തിപ്പിക്കും. 3505 വരുന്ന ശൗച്യലായങ്ങളിലെ റിപ്പയറിങ്, ജലലഭ്യത, റിപ്പയറിങ് ജോലികൾ എന്നിവ ഉറപ്പുവരുത്തും. സംസം ഫിൽട്ടറുകൾ അണുമുക്തമാക്കും. കാര്യാലയത്തിനു കീഴിലെ വാഹനങ്ങളുടെ കേടുപാടുകൾ തീർക്കും തുടങ്ങിയവ റമദാനിൽ നടപ്പാക്കാൻ പോകുന്ന സേവന പദ്ധതികളിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.