മക്ക മസ്ജിദുൽ ഹറാമിലെ ജുമുഅ നമസ്കാരത്തിൽ നിന്ന്.

റമദാനിലെ അവസാന ജുമുഅ; ഇരുഹറമുകളിൽ പതിനായിരങ്ങൾ നമസ്കാരത്തിനെത്തി

മക്ക: റമദാനിലെ അവസാന ജുമുഅ നമസ്കാരത്തിൽ ഇരുഹറമുകളിൽ സ്വദേശികളും വിദേശികളുമടക്കം പതിനായിരങ്ങൾ പങ്കെടുത്തു. മക്കക്ക് പുറമെ പരിസര പ്രദേശങ്ങളിൽ നിന്നുള്ള നിരവധി പേരാണ് റമദാനിലെ അവസാന ജുമുഅയിൽ പങ്കെടുക്കാൻ ഇന്നലെ മസ്ജിദുൽ ഹറാമിലെത്തിയത്. അനുമതി പത്രമുണ്ടെന്ന് ഉറപ്പുവരുത്തിയും കർശനമായ മുൻകരുൽ നടപടികൾ പാലിച്ചുമാണ് ആളുകൾക്ക് ഹറമിനത്തേക്ക് പ്രവേശനം നൽകിയത്. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഹറമുകളിൽ നമസ്കാരത്തിനു മുമ്പുള്ളതിനേക്കാൾ കൂടുതൽ പേർക്ക് അവസരം നൽകിയിരുന്നു. ആളുകളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്തു കൂടുതൽ സ്ഥലങ്ങൾ നമസ്കാരത്തിനായി ഒരുക്കുകയും ചെയ്തിരുന്നു. അടുത്തിടെ നിർമാണ ജോലികൾ പൂർത്തിയായ കെട്ടിടങ്ങളുടെ ചില ഭാഗങ്ങളും മതാഫ് വികസന ഭാഗങ്ങളും മുകളിലെ നിലകളും നമസ്കാരത്തിനായി തുറന്നു കൊടുത്തിരുന്നു.

മക്ക മസ്ജിദുൽ ഹറാമിലെ ജുമുഅ നമസ്കാരത്തിൽ നിന്ന്.

മസ്ജിദുൽ ഹറാമിലെ ജുമുഅ നമസ്കാരത്തിനു ഡോ. സഊദ് ബിൻ ഇബ്രാഹീം അൽശുറൈം നേതൃത്വം നൽകി. റമദാൻ വിടപടയാനൊരുങ്ങുകയാണെന്നും അതിലെ ലാഭങ്ങൾ കൊയ്തെടുത്തവനാണ് വിജയാളിയെന്നും ഖുത്തുബയിൽ ഹറം ഇമാം പറഞ്ഞു. അടുത്തിടെയാണ് റമദാനെ നാം സ്വീകരിച്ചത്. ഇപ്പോഴിതാ വിടപറയാനൊരുങ്ങുകയാണ്. ഐഹികലോകവും ഇപ്രകാരമാണ്. കഴിഞ്ഞുപോയ ദിവസങ്ങൾ ഒരിക്കലും തിരിച്ചുവരില്ല. ഒരോ ദിവസവും ആയുസ്സിനെ കുറക്കുകയാണെന്ന ബോധമുണ്ടാകുക. സൃഷ്ടാവിനോടുള്ള സാമീപ്യം വർധിപ്പിക്കുന്നവനും അവൻ നിരോധിച്ച കാര്യങ്ങളിൽ നിന്ന് അകന്നവനുമാണ് സൗഭാഗ്യവാൻ. എണ്ണപ്പെട്ട ദിവസങ്ങളാണ് റമദാൻ. അളവറ്റ പ്രതിഫലങ്ങൾ അതിലടങ്ങിയിരിക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ സൃഷ്ടാവിലേക്ക് അടുക്കാനും പാപമോചനം തേടി റമദാനിന്റെ പുണ്യങ്ങൾ നേടാനും ശ്രമിക്കണമെന്നും ഹറം ഇമാം പറഞ്ഞു. കോവിഡിന്റെ അനന്തരഫലങ്ങൾ അവഗണിച്ച് ഈദാഘോഷം നടത്തുന്നതിനെതിരെ ഹറം ഇമാം മുന്നറിയിപ്പ് നൽകി. കോവിഡ് നിർമാർജ്ജനത്തിനായി ധാരാളം ശ്രമങ്ങൾ നാം നടത്തി. അതിലെ നേട്ടങ്ങളെ പാഴാക്കരുത്. എല്ലാവരും മുൻകരുതൽ പാലിക്കണമെന്നും ഹറം ഇമാം ഉണർത്തി.

മദീന മസ്ജിദുന്നബവിയിലെ ജുമുഅ നമസ്കാരത്തിൽ നിന്ന്.

മദീനയിലെ മസ്ജിദുന്നബവിയിൽ ഡോ. ഹുസൈൻ ബിൻ അബ്ദുൽ അസീസ് ആലുശൈഖ് ജുമുഅക്ക് നേതൃത്വം നൽകി. വിശ്വാസം പുതുക്കാനും നിശ്ചയദാർഢ്യം കൈവരിക്കാനും ആത്മാവിനെ ശുദ്ധീകരിക്കാനും സദ്ഗുണങ്ങൾ ഹൃദയങ്ങളിൽ പുനരുജ്ജീവിക്കാനുമാണ് ആരാധന കർമങ്ങളെന്ന് മസ്ജിദുന്നബവി ഇമാം പറഞ്ഞു. റമദാൻ അവസാനിച്ചാൽ നിർബന്ധിത കടമകൾ അവഗണിക്കുകയും പാപങ്ങളിലേക്കും അധാർമികതയിലേക്ക് വീഴുകയും ചെയ്യുന്നതിനെതിരെ വളരെ ശ്രദ്ധാലുവായിരിക്കണമെന്നും ഇമാം ഉണർത്തി. ദൈവഭക്തിയുടെ സാക്ഷാത്കാരത്തിലേക്ക് ആത്മാവിനെ എത്തിക്കുകയാണ് നോമ്പ് അടക്കമുള്ള എല്ലാ ആരാധന കർമങ്ങളുടെയും ലക്ഷ്യം. ഇഹപര ജീവിതത്തിൽ മികച്ച ഫലങ്ങൾ അതിലൂടെ ലഭിക്കുമെന്നും ഇമാം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.