റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുദു-കേളി 10ാമത് ഫുട്ബാൾ ടൂർണമെൻറിന്റെ നാലാംവാര മത്സരത്തിൽ റിയൽ കേരള എഫ്.സിക്ക് ജയം. യൂത്ത് ഇന്ത്യ-എഫ്.സി റെയിൻബോ മത്സരം സമനിലയിൽ കലാശിച്ചു. ആദ്യ മത്സരത്തിൽ കൊണ്ടോട്ടി റിയൽ കേരള എഫ്.സിയും അസീസിയ സോക്കറും ഏറ്റുമുട്ടി.
ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് റിയൽ കേരള എഫ്.സി വിജയിച്ചു. ഇതോടെ ഗ്രൂപ് ബിയിൽ രണ്ടു കളികളിൽ നിന്നായി റിയൽ കേരളക്ക് മൂന്ന് പോയന്റും അസീസിയ സോക്കറിന് ഒരു പോയന്റും ലഭിച്ചു. ഗ്രൂപ്പിലെ അടുത്ത മത്സരം രണ്ടു ടീമുകൾക്കും നിർണായകമാണ്.
കളിയുടെ ആദ്യ പകുതിയുടെ 15ാം മിനിറ്റിലും രണ്ടാം പകുതിയുടെ നാലാം മിനിറ്റിലും ശിവദാസനും ആദ്യ പകുതിയുടെ 17ാം മിനിറ്റിൽ ഹംസയും റിയൽ കേരള എഫ്.സിക്കുവേണ്ടി ഗോളുകൾ നേടി. ശിവദാസനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജൻ പള്ളിത്തടം, കിഷോർ ഇ. നിസാം, ഹുസൈൻ മണക്കാട്, സംഘാടക സമിതി ഗതാഗത കൺവീനർ ഒ.പി. ജോർജ്, ടെക്നിക്കൽ ജോയൻറ് കൺവീനർമാരായ രാജേഷ് ചാലിയാർ, സുഭാഷ്, റിഫ സെക്രട്ടേറിയറ്റ് അംഗം ശരീഫ് കാളികാവ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
രണ്ടാം മത്സരത്തിൽ റെയിൻബോ എഫ്.സിയും യൂത്ത് ഇന്ത്യ എഫ്.സിയും മാറ്റുരച്ചു. ആദ്യ പകുതിയുടെ 30ാം മിനിറ്റിൽ നുഫൈൽ യൂത്ത് ഇന്ത്യ എഫ്.സിക്കുവേണ്ടി ഗോൾ നേടിയപ്പോൾ കളി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കിനിൽക്കെ മനോഹരമായ ഒരു മുന്നേറ്റത്തിലൂടെ റെയിൻബോയുടെ മുഹമ്മദ് റാഷിക്ക് സമനില ഗോൾ നേടി. രണ്ടാം മത്സരത്തിലെ മികച്ച കളിക്കാരനായി മുഹമ്മദ് റാഷിക്കിനെ തിരഞ്ഞെടുത്തു.
സഫ മക്ക മെഡിക്കൽ സെൻറർ പ്രതിനിധി ഷിന്റോ, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജീവൻ, നൗഫൽ സിദ്ദീഖ്, ഷിബു തോമസ്, സംഘാടക സമിതി പബ്ലിസിറ്റി കൺവീനർ വിനയൻ, സ്റ്റേഷനറി കൺവീനർ ജയകുമാർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
ഗ്രൂപ് എയിലെ എല്ലാ ടീമുകളുടെയും രണ്ടു കളികൾ വീതം അവസാനിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട് ആറു പോയന്റുമായി ഒന്നാം സ്ഥാനത്തും നാലു പോയന്റുമായി റെയിൻബോ എഫ്.സി രണ്ടാം സ്ഥാനത്തും നിൽക്കുന്നു. അലി അൽ ഖഹ്താനിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കളി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.