ജിദ്ദ: നിർദിഷ്ട ചെങ്കടൽ വികസന പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ആവശ്യമായ സൗരോർജ നിലയങ്ങൾ പൂർത്തിയായി. അഞ്ച് സോളാർ എനർജി സ്റ്റേഷനുകളിൽ 7,50,000ലധികം സോളാർ പാനലുകൾ സ്ഥാപിക്കുന്ന ജോലികളാണ് പൂർത്തിയായതെന്ന് റെഡ്സീ ഇന്റർനാഷനൽ കമ്പനി അറിയിച്ചു.
ആദ്യഘട്ടത്തിൽ 16 ഹോട്ടലുകളും റീട്ടെയിൽ സ്റ്റോറുകളും വിനോദ മേഖലകളും അടിസ്ഥാന സൗകര്യങ്ങളുമാണ് നിർമിക്കുന്നത്. പുനരുപയോഗ ഊർജം മാത്രമെ ഉപയോഗിക്കൂ എന്ന ചെങ്കടൽ വികസനപദ്ധതിയുടെ പാരിസ്ഥിതിക പ്രതിബദ്ധത തെളിയിക്കുന്നതാണ് സൗരോർജ നിലയങ്ങൾ.കമ്പനിയുടെ തുടക്കം മുതലുള്ള പ്രതിബദ്ധത അത് ചെയ്യുന്ന കാര്യങ്ങളിൽ വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കുകയെന്നതാണെന്ന് റെഡ് സീ ഇന്റർ നാഷനലിന്റെ സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രം വികസിപ്പിക്കുക, അതിന്റെ സൗകര്യങ്ങൾ പൂർണമായും പുനരുപയോഗ ഊർജം കൊണ്ട് പ്രവർത്തിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഈ പ്രതിബദ്ധതയുടെ ഒരു പ്രധാന ഭാഗമാണ് സൗരോർജ നിയലങ്ങൾ. ചെങ്കടൽ വികസനപദ്ധതി ആദ്യഘട്ടം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ അഞ്ച് സോളാർ പവർ പ്ലാന്റുകളുടെയും പാനലുകളുടെയും നിർമാണമാണ് പൂർത്തിയായിരിക്കുന്നത്.
ചെങ്കടൽ തീരത്തെ ആദ്യത്തെ വിനോദസഞ്ചാരകേന്ദ്രം വികസിപ്പിക്കാനുള്ള കാഴ്ചപ്പാട് പുനരുപയോഗ ഊർജം കൊണ്ട് മാത്രമായിരിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. ഇത്തരത്തിലുള്ള മാതൃക ആദ്യമാണ്. ദേശീയ വൈദ്യുത നിലയത്തിൽ നിന്ന് പൂർണമായും വേറിട്ട ലോകത്തെ ആദ്യ വലിയ പദ്ധതിയാണിത്. ചെങ്കടൽ പദ്ധതിയിലെ ‘സിക്സ് സെൻസസ് സതേൺ റിസോർട്ട്’ എന്ന പേരിൽ നിർമിക്കുന്ന ഹോട്ടലിന് സമീപമാണ് സൗരോർജ പ്ലാന്റുകളിലൊന്ന്.
റെഡ് സീ പദ്ധതി പ്രദേശത്ത് ഉടൻ തുറക്കാനൊരുങ്ങുന്ന ആദ്യത്തെ ഹോട്ടലാണിത്. റിസോർട്ടിലെ സ്ഥാപനങ്ങൾ ഇതിനകം സൗരോർജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. സ്ഥലത്തെ ഹോട്ടലുകൾക്കും വില്ലകൾക്കും ആവശ്യമായ വൈദ്യുതി സൗരോർജ പ്ലാന്റ് നൽകുമെന്നും റെഡ്സീ സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.