യാംബു: ചെങ്കടലിൽ ആഗോള ശ്രദ്ധാകേന്ദ്രമാകാൻ നടപ്പാക്കുന്ന ടൂറിസം പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
‘തീരദേശ ടൂറിസത്തിൽ നിക്ഷേപം നടത്തുക’ എന്ന പേരിൽ റെഡ് സീ കമ്പനി ഈ ടൂറിസം പദ്ധതികളിലേക്ക് നിക്ഷേപങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള കാമ്പയിൻ തുടരുകയാണ്. സൗദിയിൽ എണ്ണയിതര വരുമാനത്തിലേക്ക് ചുവടുമാറ്റാൻ പ്രഖ്യാപിച്ച വമ്പൻ പദ്ധതികളിലൊന്നാണ് ചെങ്കടൽ ടൂറിസം.
ചെങ്കടലിലും തീരപ്രദേശങ്ങളിലുമായി 3,800 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ടൂറിസം സിറ്റി സ്ഥാപിക്കുന്നത്. വിവിധ മേഖലകളിൽ പദ്ധതിയുടെ ആദ്യഘട്ട നിർമാണങ്ങൾ ഇപ്പോൾ പൂർത്തിയായി വരുകയാണ്.
ലോകത്തുതന്നെ ഏറ്റവും മനോഹരവും വൈവിധ്യങ്ങൾ നിറഞ്ഞതുമായ ചെങ്കടൽ ദ്വീപുകളിലെ റിസോർട്ടുകളും ഹോട്ടലുകളും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വാസ്തു ശിൽപ മികവിലാണ് പണി പൂർത്തിയാക്കിവരുന്നത്.
സൗദി റെഡ് സീ കമ്പനി ചെങ്കടലിൽ സമ്പന്നമായ ഒരു തീരദേശ ടൂറിസം മേഖല കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി 2030 ആകുമ്പോഴേക്കും മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് ഏകദേശം 850 കോടി റിയാൽ വരുമാനം എത്തും.
കൂടാതെ രാജ്യത്തിന്റെ മൊത്തം വിനോദസഞ്ചാര വികസനത്തിെൻറ 30 ശതമാനം ചെങ്കടൽ ടൂറിസമാവും. രണ്ട് ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം 1.9 കോടി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിലൂടെ രാജ്യത്തിന് ജി.ഡി.പി ഇനത്തിൽ വർഷം 586 കോടി ഡോളറിെൻറ വളർച്ചയും ലക്ഷ്യമിടുന്നു.
രാജ്യത്തെ തീരദേശ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുകയും ചെങ്കടലിനെ ആകർഷകമായ ആഗോള വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റുകയും ചെയ്യുന്ന തരത്തിൽ മറൈൻ ടൂറിസം പ്രവർത്തനങ്ങൾ പ്രദേശത്ത് നടക്കുകയാണിപ്പോൾ.
ചെങ്കടൽ തീരത്തെ ഉംലജ്, അൽ വജ്ഹ് നഗരങ്ങൾക്കിടയിലെ അമ്പതിലേറെ ദ്വീപുകളും പദ്ധതിയുടെ ഭാഗമായി ലോക സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി പരിവർത്തിപ്പിക്കുകയാണ്. ചെങ്കടലിലെ ദ്വീപുകൾ കടൽ വിനോദസഞ്ചാരത്തിനും ഡൈവിങ്ങിനും പേരുകേട്ടതാണ്. രാജ്യത്തിെൻറ വികസനത്തിനും വളർച്ചക്കുമുള്ള അടിസ്ഥാനമായി ഈ മനോഹര ദ്വീപുകളെ മാറ്റിയെടുക്കാനുള്ള വികസന പദ്ധതിയാണിപ്പോൾ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.