ഖസീം പ്രവാസി സംഘത്തിന്‍റെ വനിതാ വിഭാഗമായ സർഗശ്രീയുടെ കേന്ദ്ര കമ്മറ്റി സെക്രട്ടറിയായിരുന്ന രേഷ്മ പ്രശാന്തിന് സംഘടന യാത്രയയപ്പ് നൽകിയപ്പോൾ വന്ന പത്ര വാർത്ത (ഫയൽ ഫോട്ടോ)

നിജിൽ ദാസിന് സംരക്ഷണം നൽകിയ രേഷ്​മയും ഭർത്താവ്​ പ്രശാന്തും സൗദിയിൽ ഇടതുപക്ഷ സംഘടനയുടെ മുൻ പ്രധാന ഭാരവാഹികൾ

ബുറൈദ: തലശ്ശേരി പുന്നോലിലെ സി.പി.എം പ്രവർത്തകൻ കോരമ്പേത്ത്​ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആർ.എസ്​.എസ്​ പ്രവർത്തകൻ നിജിൽ ദാസിന്​ സ്വന്തം വീട്ടിൽ സംരക്ഷണം നൽകിയെന്ന വിവാദത്തിലായ അധ്യാപിക രേഷ്മയും ഭർത്താവ്​ പ്രശാന്ത്​ പിണറായിയും സൗദി അറേബ്യയിലായിരുന്നപ്പോൾ സി.പി.എം പ്രവാസി സംഘടനയുടെ പ്രധാനഭാരവാഹികൾ.

കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പാർട്ടിയും ഇപ്പോൾ തള്ളിപ്പറയുന്നുണ്ടെങ്കിലും ദീർഘകാലം സൗദി അൽഖസീം പ്രവിശ്യയിലെ സി.പി.എം സംഘടനയായ ഖസീം പ്രവാസി സംഘത്തിന്‍റെ മുഖ്യഭാരവാഹികളായിരുന്നു ഇരുവരും. ഒരു പതിറ്റാണ്ടിലധികം പ്രശാന്ത്​ ജോലി ചെയ്ത ബുറൈദയിലെ സാമൂഹിക പ്രവർത്തകർക്കും മാധ്യമപ്രതിനിധികൾക്കും ഒരു ഉറച്ച സി.പി.എം പ്രവർത്തകനെന്ന നിലയിലാണ്​ ഇയാ​ളെ പരിചയം.

ഖസീം പ്രവാസി സംഘത്തിന്‍റെ പ്രസിഡന്‍റ്​, രക്ഷാധികാരി പദവികൾ ഇദ്ദേഹം ദീർഘകാലം വഹിച്ചിരുന്നു. പ്രശാന്തിന്‍റെ ഭാര്യയും ബുറൈദ ഇന്‍റർനാഷനൽ ഇന്ത്യൻ സ്‌കൂൾ അധ്യാപികയുമായിരുന്ന രേഷ്മ ഖസീം പ്രവാസി സംഘത്തിന്‍റെ വനിതാ സംഘടന 'സർഗശ്രീ'യുടെ കേന്ദ്രകമ്മിറ്റി സെക്രട്ടറിയായിരുന്നു. പുതിയ വിവാദ പശ്ചാത്തലത്തിൽ പാർട്ടി തള്ളിപ്പറഞ്ഞതോടെ ഇവരുടെ ​പാർട്ടി ബന്ധം തെളിയിക്കുന്ന അന്നത്തെ പത്രവാർത്തകളും ഫോട്ടോകളും പ്രചരിപ്പിക്കുകയാണ്​ ബുറൈദയിലെ പ്രവാസി മലയാളികൾ.

ദീർഘകാലം ബുറൈദയിൽ പ്രവാസിയായിരുന്ന പ്രശാന്ത്​ ഒരു സ്വകാര്യ മെയിന്‍റനൻസ്​ കമ്പനിയിൽ ജീവനക്കാരനായിരുന്നു. നാട്ടിൽ വെച്ച്​ തന്നെ അടിയുറച്ച സി.പി.എം പ്രവർത്തകനെന്ന നിലയിൽ സൗദിയിലെത്തിയ ശേഷം പ്രവാസി സംഘവുമായി ബന്ധപ്പെട്ട്​ വളരെ വേഗം നേതൃപദവിയിലേക്ക്​ ഉയർന്നുവരികയായിരുന്നു.

ഈ ദമ്പതികൾ മുൻനിരയിൽ ഇല്ലാത്ത ഒരു പരിപാടിയും ആ കാലയളവിൽ ബുറൈദയിലെ പാർട്ടി പ്രവർത്തകർക്ക് ഇല്ലായിരുന്നു. കക്ഷിഭേദമില്ലാതെ മലയാളി സമൂഹം സംഘടിപ്പിച്ച പൊതുപരിപാടികളിലും ഇരുവരും സജീവമായിരുന്നു.

സി.പി.എം പ്രവർത്തകന്‍റെ കൊലപാതക സംഭവത്തിൽ പൊലീസ് അന്വേഷിക്കുന്ന ആർ.എസ്.എസുകാരനായ പ്രതിക്ക് സംരക്ഷണം നൽകിയ കേസിൽ രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ പ്രതിരോധത്തിലായ സി.പി.എം ജില്ലാസെക്രട്ടറി എം.വി. ജയരാജൻ നടത്തിയ പ്രസ്താവനയിൽ അത്ഭുതപ്പെടുകയാണ് പ്രശാന്തിന്‍റെ സൗദിയിലെ പഴയ സഹപ്രവർത്തകരും ബുറൈദയിലെ മലയാളി സമൂഹവും.

രേഷ്മ പ്രവാസം അവസാനിപ്പിച്ച്​ മടങ്ങിയപ്പോൾ സർഗശ്രീ വിപുലമായ യാത്രയയപ്പ് നൽകിയതിന്‍റെ വാർത്ത പ്രസിദ്ധീകരിച്ച പത്രകട്ടിങ്ങുകളും പുറത്തുവന്നിട്ടുണ്ട്​.

അഞ്ചുവർഷം മുമ്പാണ്​​ സ്വകാര്യ കമ്പനി ജോലി ഉപേക്ഷിച്ച്​ പ്രശാന്തും നാട്ടിലേക്ക്​ മടങ്ങിയത്​. പിന്നീട്​ വീണ്ടും സൗദിയിലേക്ക്​ വന്നതായാണ്​ സൂചനയെങ്കിലും ഏത്​ പ്രദേശത്താണെന്ന് പഴയകാല സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊന്നും അറിയില്ല. ദക്ഷിണ സൗദിയിലെ ഖമീസ്​ മുശൈത്തിലാണെന്ന സൂചനകളുണ്ട്.

Tags:    
News Summary - Reshma and Prashant were the main leaders of the Left organization in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.