ജുബൈൽ: ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ജനാധിപത്യത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തികളുടെയും ബാധ്യതയാണെന്ന് പ്രവാസി സാംസ്കാരിക വേദി ജുബൈൽ റീജനൽ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ. അഭിപ്രായ വ്യത്യാസം മറന്നു ഫാഷിസത്തെ ചെറുക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കണം.
അധികാരപരവും സാംസ്കാരികവുമായ ഫാഷിസമാണ് ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികൾ. ഇതിനെ തിരിച്ചറിഞ്ഞു ശക്തമായി പോരാടുകയാണ് വേണ്ടത്. ലോകത്ത് ഒരു ഫാഷിസ്റ്റ് ശക്തികൾക്കും അധികനാൾ അധികാരത്തിൽ തുടരാനാവില്ല. കൺവെൻഷനും കുടുംബസംഗമവും പ്രവാസി കിഴക്കൻ പ്രവിശ്യ ആക്ടിങ് പ്രസിഡന്റ് സിറാജ് തലശ്ശേരി ഉദ്ഘാടനം ചെയ്തു.
ജുബൈൽ പ്രസിഡന്റ് ഫൈസൽ കോട്ടയം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നസീർ ഹനീഫ റിപ്പോർട്ട് അവതരിപ്പിച്ചു. 'പാർട്ടി, പ്രവർത്തകർ, നയ നിലപാടുകൾ' എന്ന വിഷയത്തിൽ പ്രവിശ്യ ജനറൽ സെക്രട്ടറി അൻവർ സലിം ക്ലാസ് നയിച്ചു.
അബ്ദുൽ ഗഫൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അംഗത്വവിതരണ കാമ്പയിനിന്റെ വിതരണോദ്ഘാടനം സിറാജ് തലശ്ശേരി നിർവഹിച്ചു. സന്നദ്ധ പ്രവർത്തകൻ സലീം ആലപ്പുഴയെ പൊന്നാടയണിയിച്ചും പ്രശംസാഫലകം നൽകിയും ഫൈസൽ കോട്ടയം ആദരിച്ചു. പ്രവാസി വനിത പ്രസിഡന്റ് ഫിദ നസീഫ, സെക്രട്ടറി സിബി നസീർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
തനിമ പ്രസിഡന്റ് ഡോ. ജൗഷീദ്, വനിത പ്രസിഡന്റ് സമീന മലൂക്, യൂത്ത് ഇന്ത്യ പ്രസിഡന്റ് അബ്ദുല്ല സയീദ്, സലിം ആലപ്പുഴ എന്നിവർ സംസാരിച്ചു. കരീം ഗാനമാലപിച്ചു. മലർവാടി സംഘം നൃത്തം അവതരിപ്പിച്ചു. സലീം പൂവത്താണി, മലൂക്ക്, കരീം ആലപ്പുഴ, അൻവർ കരണത്ത്, ശിഹാബ്, അൻവർ സാദിഖ്, റിഫാസ്, ബഷീർ വാടാനപ്പള്ളി, സാബു എന്നിവർ നേതൃത്വം നൽകി. നസീർ ഹനീഫ സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.