റിയാദ്: 32 ടീമുകളെ അണിനിരത്തി റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) സംഘടിപ്പിക്കുന്ന റോയൽ മെഗാ കപ്പ് ഫുട്ബാൾ ടൂർണമെൻറ് സീസൺ-ത്രീക്ക് തുടക്കം. അൽഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾ വ്യാഴാഴ്ച ആരംഭിച്ചു.
റിഫ പ്രസിഡൻറ് ബഷീർ ചേലേമ്പ്ര, റോയൽ ട്രാവൽസ് എം.ഡി ഫഹദ് എന്നിവരുടെ നേതൃത്വത്തിൽ ടൂർണമെൻറ് കമ്മിറ്റിയംഗങ്ങളും പ്രായോജകരും കളിക്കാരെ പരിചയപ്പെട്ടു.
ആദ്യ മത്സരത്തിൽ യൂത്ത് ഇന്ത്യ ഇലവൻ നഹ്ദി എഫ്.സിയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോൽപിച്ചു. ദിനേശ് (യൂത്ത് ഇന്ത്യ) മാൻ ഓഫ് ദ മാച്ചായി. ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാടും യൂത്ത് ഇന്ത്യ സോക്കറും തമ്മിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളടിച്ച് ബ്ലാസ്റ്റേഴ്സ് വിജയിച്ചു.
യൂത്ത് ഇന്ത്യ ഗോൾ കീപ്പർ ഷാമിസ് മാൻ ഓഫ് ദി മാച്ചായി. മൂന്നാമത്തെ കളിയിൽ നാല് ഗോളുകൾക്ക് സ്പോർട്ടിങ് എഫ്.സി, അൽ സദ്വ എഫ്.സിയെ തകർത്തു.
സ്പോർട്ടിങ് എഫ്.സിയുടെ അക്ഷയ് ഉണ്ണികൃഷ്ണനാണ് കളിയിലെ താരം. റോയൽ ട്രാവൽസ് അസീസിയ സോക്കർ നാല് തവണ ആസ്റ്റർ സനദ് എഫ്.സിയുടെ വല കുലുക്കിയപ്പോൾ ഏക ആശ്വാസ ഗോൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ആസ്റ്റർ സനദിന്. റോയലിന്റെ ഷാലുവാണ് മാൻ ഓഫ് ദി മാച്ച്. റെയിൻബോ എഫ്.സി, പയ്യന്നൂർ സൗഹൃദവേദി അങ്കത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയവും സൽമാനിലൂടെ മാൻ ഓഫ് ദി മാച്ചും റെയിൻബോ സ്വന്തമാക്കി.
ഒന്നിനെതിരെ മൂന്നിന് സുലൈ എഫ്.സിയെ തോൽപിച്ച് റിയാദ് ബ്ലാസ്റ്റേഴ്സ് വിജയം കരസ്ഥമാക്കി. ശിഹാബാണ് മാൻ ഓഫ് ദി മാച്ച്. ഈഗിൾ ഫുട്ബാൾ ക്ലബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി പ്രവാസി സോക്കർ സ്പോർട്ടിങ് ക്വാർട്ടർ ഉറപ്പാക്കി.
പ്രവാസിയുടെ മുസ്തഫയാണ് കളിയിലെ കേമൻ. അവസാന മത്സരത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ്, അൽ ശിഫ എഫ്.സി മുഴുസമയം പിന്നിട്ടപ്പോഴും (2-2) ടൈ ബ്രേക്കറിലൂടെ സമനില പാലിച്ചതിനെ തുടർന്ന് ടോസിലൂടെ വിജയികളായി ബ്ലാക്ക് ആൻഡ് വൈറ്റിനെ നിശ്ചയിച്ചു.
അൽ ശിഫയുടെ ഗോൾ കീപ്പർ ഹസ്ക്കർ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച രാത്രി 10ന് തുടങ്ങിയ മത്സരങ്ങൾ വെള്ളിയാഴ്ച രാവിലെ 8.30 വരെ നീണ്ടു. ഒരു ദശകത്തിലേറെയായി റിയാദിലെ ഫുട്ബാൾ ക്ലബ്ബുകളെ ഏകോപിപ്പിക്കുകയും ടൂർണമെൻറുകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന റിയാദ് ഫുട്ബാൾ അസോസിയേഷനാണ് റിഫ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.