ജിദ്ദ: സൗദി അറേബ്യയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് പുതിയൊരു പൊൻതൂവലാണ് വേൾഡ് എക്സ്പോ ആതിഥേയത്വമെന്ന് വിലയിരുത്തൽ. ഈ അവസരം രാജ്യത്തിെൻറ വലിയ നേട്ടമായാണ് ഭരണകൂടവും ജനങ്ങളും കാണുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ രാജ്യം കുതിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാൻ റിയാദിനെ തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യങ്ങളുടെയും ജനങ്ങളുടെയും തിരഞ്ഞെടുപ്പുകളിൽ എല്ലായ്പോഴും ഒന്നാം സ്ഥാനത്താണ് സൗദി അറേബ്യ എന്നത് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. അതോടൊപ്പം എക്സ്പോയുടെ ആതിഥേയത്വം സൗദിയുടെ ആഗോള സാംസ്കാരിക, സാമൂഹിക, സാമ്പത്തിക, വിനോദ കഴിവുകളിലേക്ക് ലോകത്തിെൻറ ശ്രദ്ധ ആകർഷിക്കും.
2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ബിഡ് സമർപ്പിച്ച ഏക രാജ്യം സൗദി അറേബ്യയാണെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഏതാനും ദിവസം മുമ്പാണ്. അതിെൻറ ആഹ്ലാദാരവങ്ങൾ അടങ്ങും മുമ്പാണ് ഇരട്ട മധുരമായി ‘റിയാദ് എക്സ്പോ 2030’ പ്രഖ്യാപനം വരുന്നത്. വരുംവർഷങ്ങളിൽ നിരവധി അന്താരാഷ്ട്ര ഇവൻറുകൾക്കാണ് സൗദി അറേബ്യ വേദിയാകാൻ ഒരുങ്ങുന്നത്. 2027ലെ ഏഷ്യൻ കപ്പ്, 2029ലെ ഏഷ്യൻ വിൻറർ ഗെയിംസ് എന്നിവക്ക് വേദിയൊരുങ്ങുന്നതും സൗദിയിലാണ്.
എക്സ്പോയിലൂടെ ഏറ്റവും പ്രധാന അന്താരാഷ്ട്ര ഫോറങ്ങളിലൊന്നായ നേട്ടങ്ങളുടെ റെക്കോഡിലേക്ക് സൗദി ഉയർന്നുകഴിഞ്ഞതും അഭിമാനകരമായ നേട്ടമായാണ് കണക്കാക്കുന്നത്. വർഷങ്ങളോളം പ്രയത്നിച്ചും ആസൂത്രണംചെയ്തും ശുഷ്കാന്തിയോടെ പ്രവർത്തിച്ചതിന്റെയും ഫലമായാണ് വേൾഡ് എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാനുള്ള അവസരം സൗദിക്ക് നേടാനായത്. ‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്ന കഴിഞ്ഞ ദേശീയദിനത്തിലെ മുദ്രാവാക്യം അർഥപൂർണമാകുന്ന വേളകൂടിയാണ് വേൾഡ് എക്സ്പോ പ്രഖ്യാപനത്തിലൂടെ ലോകം സാക്ഷിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.