റിയാദ്: കേളി കലാസംസ്കാരിക വേദിയുടെ 23ാം വാർഷികാഘോഷങ്ങളുടെ രണ്ടാം ഘട്ടത്തിൽ സംഘടിപ്പിക്കുന്ന ‘റിയാദ് ജീനിയസ് 2024’ വിജ്ഞാനോത്സവം വെള്ളിയാഴ്ച റിയാദിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലാസ് ലുലു ഹൈപ്പർ അരീനയിലാണ് വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ചുള്ള ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിക്കുന്ന ഷോ അരങ്ങേറുക. കുട്ടികൾക്കും മുതിർന്നവർക്കും മത്സരാർഥികളാവാം, മലയാളികളായ ആർക്കും മത്സരത്തിൽ പങ്കെടുക്കുന്നതിന് യോഗ്യതകളൊന്നും തടസ്സമല്ലെന്നും സംഘാടകർ അറിയിച്ചു. ജീവിത പ്രാരാബ്ധത്താൽ പ്രവാസം സ്വീകരിക്കേണ്ടി വന്നവരെകൂടി അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരുകയും, നാലു ചുവരുകൾക്കുള്ളിലെ കഴിവുകളെ പുറംലോകത്ത് എത്തിക്കുകയുമാണ് ‘റിയാദ് ജീനിയസ് 2024’ന്റെ ലക്ഷ്യം. സൗദിയിൽ സന്ദർശനത്തിന് എത്തിയവർക്കും മത്സരാർഥികളാകാം. വിജയിക്ക് കാഷ് പ്രൈസിനോടൊപ്പം സർട്ടിഫിക്കറ്റും ഫലകവും സമ്മാനിക്കും. രജിസ്റ്റർ ചെയ്ത മത്സരാർഥികളിൽനിന്നും തിരഞ്ഞെടുക്കുന്ന ആറുപേരുമായാണ് ജീനിയസ് മത്സരത്തിലേക്ക് പ്രവേശിക്കുക. ജീനിയസ് പ്രോഗ്രാമിനോടൊപ്പം അൻവർ സാദത്തും ലക്ഷ്മി ജയനും സംഘവും നയിക്കുന്ന സംഗീതരാവും അരങ്ങേറും. കേളി കുടുംബവേദി നേതൃത്വത്തിൽ നൂറിൽപരം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര, റിയാദിലെ പ്രമുഖ ഡാൻസ് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ എന്നിവയും അരങ്ങേറും. കേളി സംഘടിപ്പിക്കുന്ന ഈ ഈദ് വിഷു ഈസ്റ്റർ ആഘോഷ രാവിൽ പ്രവേശനം സൗജന്യമാണ്.
ഓൺ ലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റായ ചുട്ടി ആപ് ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. റിയാദിലെ നിരവധി വാണിജ്യ വ്യാപാര സ്ഥാപനങ്ങളും കേളിയോടൊപ്പം കൈകോർക്കുന്നു. റിയാദ് ജീനിയസിനോടനുബന്ധിച്ചു ചുട്ടി ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 400 റിയാല്‍ വരെ ഡിസ്കൗണ്ട് നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. വാർത്തസമ്മേളനത്തിൽ ജി.എസ്. പ്രദീപ്, കേളി രക്ഷധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ,സെക്രട്ടറി സുരേഷ് കണ്ണപുരം,കൂട്ടായ് സംഘാടക സമിതി ചെയർമാൻ സുരേന്ദ്രൻ, സംഘാടക സമിതി കൺവീനർ മധു ബാലുശ്ശേരി, ആക്ടിങ് ട്രഷറർ സുനിൽ സുകുമാരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.