റിയാദ്: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) റിയാദ് സിറ്റി കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച 12ാമത് പ്രവാസി സാഹിത്യോത്സവിന് സമാപനം. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏഴ് സെക്ടറുകളിൽനിന്നും 57 ഇനങ്ങളിലായി 200ൽ പരം പ്രതിഭകൾ പങ്കെടുത്തു. ബത്ഹ ഈസ്റ്റ് സെക്ടർ ജേതാക്കളായപ്പോൾ ബത്ഹ വെസ്റ്റ്, അസീസിയ സെക്ടറുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
കലാപ്രതിഭയായി അബ്ദുസ്സമദ് മുസാഹ്മിയയെയും സർഗ പ്രതിഭയായി റുബീന സിറാജിനെയും തെരഞ്ഞെടുത്തു. കോവിഡ് പ്രതിസന്ധി കാരണം നാട്ടിൽ കുടുങ്ങിയ പ്രതിഭകൾക്ക് മത്സരത്തിൽ പങ്കെടുക്കാനും പ്രേക്ഷകർക്ക് തത്സമയം വീക്ഷിക്കാനും പ്രത്യേക ഡിജിറ്റൽ സംവിധാനത്തിലൂടെ സൗകര്യമൊരുക്കി. സാഹിത്യോത്സവിനോട നുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
സത്യം തടവിലാക്കപ്പെടുമ്പോൾ അതിനെ സ്വതന്ത്രമാക്കാനുള്ള സമരമാണ് കാലം ഇന്ന് സാഹിത്യത്തോട് ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം പ്രസ്താവിച്ചു. അക്രമവും അനീതിയും വർധിച്ചുവരുന്ന ഈ കാലത്ത് മനുഷ്യത്വത്തിന് കാവൽ നിൽക്കാൻ കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും സാധിക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. സെൻട്രൽ ചെയർമാൻ അനസ് അമാനി അധ്യക്ഷതവഹിച്ചു.
മുൻ സാഹിത്യോത്സവ് പ്രതിഭ മുഹമ്മദ് ബാസിം രചിച്ച 'ദ ടീൻ ലൈഫ് ഇൻ ദ ട്വൻറി ഫസ്റ്റ് സെഞ്ചുറി' എന്ന പുസ്തകത്തിെൻറ വിതരണോദ്ഘാടനം അൽ-ആലിയ സ്കൂൾ പ്രിൻസിപ്പൽ ഷാനു തോമസിന് നൽകി ഐ.സി.എഫ് റിയാദ് ജനറൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ നിർവഹിച്ചു.
കെ.എം.സി.സി ട്രഷറർ യു.പി. മുസ്തഫ, കേളി സാംസ്കാരിക സമിതി ചെയർമാൻ പ്രദീപ്, ജയൻ കൊടുങ്ങല്ലൂർ, സത്താർ മാവൂർ, കെ.പി. അബ്ദുൽ മജീദ്, ഐ.സി.എഫ് നാഷനൽ സെക്രട്ടറി അബ്ദുസ്സലാം വടകര, ആർ.എസ്.സി ഗൾഫ് കൗൺസിൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി, ജനറൽ കൺവീനർ സിറാജ് മാട്ടിൽ, സ്വാഗതസംഘം ചെയർമാൻ അബ്ദുനാസർ അഹ്സനി, കൺവീനർ അബ്ദുറഹ്മാൻ സഖാഫി എന്നിവർ സംബന്ധിച്ചു.രിസാല സ്റ്റഡി സർക്കിൾ ഗൾഫ് കൗൺസിൽ അംഗം സലീം പട്ടുവം സന്ദേശ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ അബ്ദുൽ വഹാബ് സ്വാഗതവും സഅദ് കൈതപ്പൊയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.