ദമ്മാം: ഗൾഫിലെ കുട്ടികൾക്കും യുവാക്കൾക്കും അവരുടെ സർഗശേഷി പ്രകടിപ്പിക്കുന്നതിന് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സംഘടിപ്പിക്കുന്ന 'സാഹിത്യോത്സവ്' ഇപ്രാവശ്യം ഡിജിറ്റലായി നടക്കും. കോവിഡ് മൂലം കഴിഞ്ഞവർഷം മത്സരങ്ങൾ നടത്താനായില്ല. ഇവകൂടി പരിഗണിച്ചാണ് സാഹിത്യോത്സവിെൻറ ഗൾഫിലെ 12ാമത് പതിപ്പ് വെർച്വൽ തലത്തിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യൂനിറ്റിൽനിന്ന് മത്സരിച്ച് സെക്ടർ, സെൻട്രൽ, നാഷനൽ മത്സരങ്ങൾക്കു ശേഷം ഗൾഫ് തല മത്സരവും അരങ്ങേറും. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ, നേരിട്ട് നടക്കുന്നതിെൻറ പൊലിമകളൊട്ടും കുറയാതെയാണ് സാഹിത്യോത്സവിന് ഓരോ തലത്തിലും വേദിയൊരുങ്ങുന്നത്.
രണ്ട് കമ്മിറ്റികൾക്ക് കീഴിലായി പ്രവർത്തിക്കുന്ന സൗദിയിലെ 170 യൂനിറ്റുകളിൽ ഇതിനകം മത്സരങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിലായി വനിതകൾക്കും പുരുഷന്മാർക്കും മത്സരങ്ങളിൽ പങ്കെടുക്കാം. ഗൾഫിലെ സ്ഥിരം വിസയുള്ളവർക്ക് നാട്ടിലാണെങ്കിലും മത്സരത്തിൽ പങ്കെടുക്കാം. അവരവരുടെ പ്രാദേശിക ഘടകങ്ങൾ വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. നവംബർ 19ന് നടക്കുന്ന സൗദി ഈസ്റ്റ് തല മത്സരത്തിൽ ഹാഇൽ, അൽഖസീം, റിയാദ് നോർത്ത്, റിയാദ് സിറ്റി, അൽഅഹ്സ, ദമ്മാം, ജുബൈൽ, അൽഖോബാർ എന്നീ എട്ട് ഘടകങ്ങൾ തമ്മിലാകും മത്സരം.
സാംസ്കാരികത്തനിമയും പൈതൃകവും സംരക്ഷിക്കുന്നതിനും പുതിയ കാലത്തെ സർഗാത്മക പ്രതിരോധം സാധ്യമാക്കുന്നതിനും പങ്കെടുക്കുന്നവരെ പ്രാപ്തരാക്കാൻ ഉപകരിക്കുന്ന തരം മത്സരയിനങ്ങളാണ് സാഹിത്യോത്സവിൽ ഉള്ളത്. കുടുംബ മാഗസിൻ, സൂഫി ഗീതം എന്നിവ ഈ വർഷത്തെ പുതിയ ഇനങ്ങളാണ്. മുഴുവൻ വിഭാഗങ്ങൾക്കുമായി ആകെ 64 മത്സരങ്ങൾ ഉണ്ട്. സാഹിത്യോത്സവിനോട് അനുബന്ധമായി വിവിധ തലങ്ങളിൽ സാഘോഷം, സാംസ്കാരികോത്സവം, ചരിത്ര സെമിനാർ എന്നിവയും നടക്കും.
പ്രവാസി മലയാളികളിൽ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ രാജ്യത്തും കഥ, കവിത എന്നീ വിഭാഗങ്ങളിൽ കലാലയ പുരസ്കാരവും നൽകുന്നു. മുമ്പ് പ്രസിദ്ധീകരിക്കാത്ത മലയാള രചനകളാണ് പുരസ്കാരത്തിനായി അയക്കേണ്ടത്. പ്രവാസിയായിരിക്കുക, കവിത 40 വരികളിൽ കവിയാത്തതും കഥ 400 വാക്കുകയിൽ കൂടാത്തതും ആയിരിക്കുക എന്നതാണ് നിബന്ധന.
എഴുത്തുകാരായ അമൽ പിരപ്പൻകോട്, മജീദ് സൈദ്, പ്രദീപ് രാമനാട്ടുകര, ജീവേഷ് എന്നിവരാണ് പുരസ്കാര ജൂറികൾ. നവംബർ 19നു നടക്കുന്ന നാഷനൽ സാഹിത്യോത്സവ് വേദിയിൽ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും. മലയാളത്തിൽ ടൈപ് ചെയ്ത സൃഷ്ടികൾ പി.ഡി.എഫ് ഫയലായി kalalayam.rscsaudieast@gmail.com എന്ന വിലാസത്തിൽ ഒക്ടോബർ 31നു മുമ്പ് കിട്ടത്തക്ക രീതിയിൽ അയക്കണം. വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ ശഫീഖ് ജൗഹരി കൊല്ലം, റഊഫ് പാലേരി, ഉബൈദ് സഖാഫി, ഫൈസൽ വേങ്ങാട്, നൂറുദ്ദീൻ കുറ്റ്യാടി, സ്വാദിഖ് സഖാഫി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.