മ​ദീ​ന​യി​ൽ ന​ട​പ്പാ​ക്കു​ന്ന ‘റു​അ്​​യ അ​ൽ​മ​ദീ​ന’ ന​ഗ​ര​പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ

മദീനയിലെ പ്രത്യേക നഗര പദ്ധതി 'റുഅ്യ അൽമദീന' സൃഷ്ടിക്കുക 93,000 തൊഴിലവസരങ്ങൾ

ജിദ്ദ: മദീനയിൽ മസ്ജിദുന്നബവിക്ക് കിഴക്ക് നടപ്പാക്കുന്ന 'റുഅ്യ അൽമദീന' എന്ന നഗരപദ്ധതി പ്രത്യക്ഷവും പരോക്ഷവുമായി 93,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റുഅ്യ അൽമദീന ഹോൾഡിങ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ എൻജി. മുഹമ്മദ് അൽഖലീൽ പറഞ്ഞു. അൽഅറബിയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നഗരപദ്ധതികൾ വികസിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇത് നിക്ഷേപങ്ങൾ ആകർഷിക്കുന്ന ഊർജസ്വലമായ അന്തരീക്ഷം പ്രദാനം ചെയ്യും. പദ്ധതി പൂർത്തിയാകുമ്പോൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് കുറഞ്ഞത് 14 കോടി റിയാലെങ്കിലും സംഭാവന ചെയ്യുമെന്നും അൽഖലീൽ പറയുന്നു.

പബ്ലിക് ഇൻവെസ്റ്റ്‌മെൻറ് ഫണ്ടിന്റെയും നേതൃത്വത്തിന്റെയും നിർദേശങ്ങൾക്ക് അനുസൃതമായി പ്രാദേശിക കമ്പനികൾക്ക് മുൻഗണന നൽകുമെന്ന് പദ്ധതി കരാറുകൾ സംബന്ധിച്ച് അൽഖലീലി പറഞ്ഞു. ഫണ്ടിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് പദ്ധതി. പ്രത്യേകിച്ച്, വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതും വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതും ബന്ധപ്പെട്ടാണ് പദ്ധതി. പദ്ധതിയുടെ അവസാനത്തോടെ 47,000 ഹോട്ടൽ യൂനിറ്റുകൾ ഉണ്ടാകും. മറ്റ് അനുബന്ധ പദ്ധതികൾക്ക് പുറമെയാണിത്. ഹറമിനു ചുറ്റുമുള്ള ഹോട്ടൽ പദ്ധതികൾക്ക് റുഅ്യ പദ്ധതി വേറിട്ട അനുഭവമായിരിക്കുമെന്നും അൽഖലീൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മസ്ജിദുന്നബവിയുടെ കിഴക്കുഭാഗത്ത് റുഅ്യ അൽമദീന എന്ന നഗരപദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്. മസ്ജിദുന്നബവിയുടെ കിഴക്കുഭാഗത്ത് റുഅ്യ അൽമദീന എന്ന നഗര പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായുള്ള കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പ്രഖ്യാപനത്തെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പ്രശംസിച്ചു. മസ്ജിദുന്നബവിയുടെ പുനർനിർമാണത്തിലും പരിപാലനത്തിലും അതിലെ സന്ദർശകരെ സേവിക്കുന്നതിലും ഭരണകൂടം വളരെ ശ്രദ്ധചെലുത്തുന്നുണ്ട്. സൗദി സ്ഥാപകനായ അബ്ദുൽ അസീസ് രാജാവ് മുതൽ ഇതുവരെയുള്ള ഭരണാധികാരികൾ പ്രവാചക നഗരിക്ക് വലിയ പ്രാധാന്യം കൽപിച്ചിട്ടുണ്ടെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

Tags:    
News Summary - 'Ruya Al Madinah' special urban project in Madinah to create 93,000 jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.