ജുബൈൽ: സൗദി ബേസിക് ഇൻഡസ്ട്രീസ് കോർപറേഷെൻറ (സാബിക്) നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ സൗരോർജ കെമിക്കൽ പ്ലാൻറ് സ്പെയിനിൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സ്പെയിനിലെ കാർട്ടേജീനയിൽ 2024ൽ പ്രവർത്തന സജ്ജമാകുന്ന പദ്ധതിയിൽ 100 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന 2,63,000 സോളാർ പാനലുകൾ ഉപയോഗിക്കും. ലോകത്തെ ഏറ്റവും വലിയ വൈദ്യുതി യൂട്ടിലിറ്റി കമ്പനികളിലൊന്നായ 'ഇബെർഡ്രോള'യും ഇൗ പദ്ധതിയിൽ പങ്കാളിത്തം വഹിക്കും. സോളാർ പാനലുകൾ സ്ഥാപിക്കാൻ ഏകദേശം 70 ദശലക്ഷം ഡോളറാണ് ഇബെർഡ്രോള മുതൽമുടക്കുന്നത്.
സാബിക്കിെൻറ ഉടമസ്ഥതയിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ വ്യവസായിക പുനരുപയോഗ ഊർജ നിലയമാണിത്. റിയാദ് ആസ്ഥാനമായ പെട്രോകെമിക്കൽ കമ്പനിയുടെ നാല് ജിഗാവാട്ട് (ജി.ഡബ്ല്യു) സൗരോർജം 2025ഓടെ ആഗോളതലത്തിൽ സ്ഥാപിക്കണമെന്ന ആഗ്രഹത്തിെൻറ ഭാഗമാണ് കരാർ. 2030ഓടെ ഇത് 12 ജിഗാവാട്ടായി ഉയരും. കഴിഞ്ഞ വർഷം കമ്പനി ഇന്ത്യയിലെയും തായ്ലൻഡിലെയും സൈറ്റുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു.
മറാഫിക്, ജുബൈൽ, യാംബു റോയൽ കമീഷനുകൾ എന്നിവയുമായി ചേർന്ന് 300 ദശലക്ഷം ഡോളർ, 300 മെഗാവാട്ട് സൗരോർജ പദ്ധതിക്കായി രാജ്യത്തിെൻറ പടിഞ്ഞാറൻ തീരത്ത് പദ്ധതി സ്ഥാപിക്കാനും സാബിക് ലക്ഷ്യമിടുന്നു. ഇത് പൂർത്തിയായാൽ സാബിക് പ്ലാൻറ് ഉൽപാദിപ്പിക്കുന്ന വൈദ്യുതി പ്രാദേശിക രാസവസ്തു നിർമാണ പ്ലാൻറുകൾക്ക് നൽകുമെന്ന് കമ്പനി അറിയിച്ചു.ലോകമെമ്പാടുമുള്ള രാസവസ്തുക്കൾ, പ്ലാസ്റ്റിക്, കാർഷിക പോഷകങ്ങൾ എന്നിവ നിർമിക്കുകയും 33,000ത്തിലധികം ആളുകൾ ജോലിയെടുക്കുകയുംചെയ്യുന്ന വ്യവസായ ശൃംഖലയാണ് സാബിക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.