ജിദ്ദ: അൽഅഹ്സ ഇൗന്തപ്പന മരുപ്പച്ച (അൽഅഹ്സ പാം ഒയാസിസ്) ഗിന്നസ് ബുക്കിൽ. ലോകത്തിലെ ഏറ്റവും വലിയ ഇൗന്തപ്പന മരുപ്പച്ച എന്ന നിലയിലാണ് ഗിന്നസ് റെക്കോർഡ് നേടിയത്. 85.4 ചതുരശ്ര കിലോമീറ്ററിൽ 280ഒാളം കുഴൽക്കിണറുകളിൽ നിന്ന് ജലം പമ്പ് ചെയ്തു വളർത്തിയ 25 ലക്ഷം ഇൗന്തപ്പനകളുൾപ്പെടുന്നതാണ് അൽഅഹ്സ ഇൗന്തപന മരുപ്പച്ച.
അൽഅഹ്സ മരുപ്പച്ച യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ നേരത്തെ ഇടം പിടിച്ചിരുന്നു. അൽഉലായിലെ മദീനത്ത് ഹജ്ർ, റിയാദ് ദറഇയയിലെ ഹയ്യ് തുറൈഫ്, ജിദ്ദ ഹിസ്റ്റോറിക്കൽ മേഖല, ഹാഇലിലെ ജുബ്ബ, ശൂയ്മസ് എന്നിവിടങ്ങളിലെ ശിലാ ലിഖിതങ്ങൾ എന്നിവയും സൗദിയിൽ നിന്ന് പൈതൃക പട്ടികയിലുണ്ട്.
പാരിസ്ഥിതികവും പ്രകൃതിപരവുമായ സവിശേഷതകൾക്ക് പുറമേ ചരിത്രപരവും സാംസ് കാരികവുമായ പൈതൃകങ്ങളാലും സമൃദ്ധമാണ് അൽഅഹ്സ. ലോകത്തിലെ ഏറ്റവും വലിയ ഇൗന്തപ്പന മരുപ്പച്ച എന്ന സവിശേഷതയാണ് കൂട്ടത്തിൽ ഏറ്റവും ഉയർന്ന് നിൽക്കുന്നത്. ഗിന്നസ് ബുക്കിൽ ഇടംതേടാനായതിൽ സൽമാൻ രാജാവിനെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെയും സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഉൗദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസ് അഭിനന്ദിച്ചു. രാജ്യത്തെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനും കാർഷിക മേഖലയെ പുനരുജ്ജീവിക്കുന്നതിനും നടപ്പാക്കി കൊണ്ടിരിക്കുന്ന ഗവൺമെൻറ് പദ്ധതികളുടെ വിജയമാണിത്. അൽഅഹ്സയിലെ സംസ്കാരങ്ങളുടെയും നാഗരികയതുടെയും വഴിത്തിരിവുമാണിത്. ഇതിലൂടെ ലോകവുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന ചരിത്രകവാടം തുറന്നിരിക്കുകയാണെന്നും അമീർ പറഞ്ഞു.
സംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ഇൗ രംഗത്ത് നടത്തുന്ന ശ്രദ്ധേയ ശ്രമങ്ങളെ ഗവർണർ പ്രശംസിച്ചു. അൽഅഹ്സ ഇൗന്തപ്പന മരുപ്പച്ച ഗിസസ് ബുക്കിൽ ഇടംനേടിയതിൽ ഡെപ്യുട്ടി ഗവർണർ അമീർ അഹ്മ്മദ് ബിൻ ഫഹദ് ബിൻ സൽമാനും സൽമാൻ രാജാവിനെയും കിരീടാവകാശിയേയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.