കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ മന്ത്രിസഭായോഗത്തിൽ സംസാരിക്കുന്നു

സൗദി അടുത്ത വർഷത്തെ ബജറ്റ്​ പ്രഖ്യാപിച്ചു; സാമ്പത്തിക പരിവർത്തന പ്രകിയ തുടരും -കിരീടാവകാശി

ജിദ്ദ: 2023 ലേക്കുള്ള സൗദി പൊതു ബജറ്റ് പ്രഖ്യാപിച്ചു. റിയാദിലെ യമാമ കൊട്ടാരത്തിൽ സൽമാൻ രാജാവി​ന്റെ അധ്യക്ഷതയിൽ ബജറ്റിനായി നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ്​ പ്രഖ്യാപനമുണ്ടായത്​. മന്ത്രിമാർ ബജറ്റിലെ ഇനങ്ങൾ അവലോകനം ചെയ്യുകയും 2023 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു.

വരുമാനം 1.130 ലക്ഷം കോടി റിയാലും ചെലവ്​ 1.114 ലക്ഷം കോടി റിയാലും മിച്ചം 16 ശതകോടി റിയാലുമാണ്​ കണക്കാക്കുന്നത്​. ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വികസന സാമൂഹിക പരിപാടികളും പദ്ധതികളും സജീവമായി നടപ്പാക്കാൻ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ നിർദേശിച്ചു.

രാജ്യത്ത്​ സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിവർത്തന പ്രക്രിയ തുടരുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. മന്ത്രിസഭ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം​. സൽമാൻ രാജാവി​െൻറ നിർദേശങ്ങൾക്കനുസൃതമായാണ് ഇതുവരെ നേടിയ നല്ല ഫലങ്ങൾ. സമഗ്രമായ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തി​െൻറ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ വിജയം ഇത്​ സ്ഥിരീകരിക്കുന്നു. ഊർജസ്വലമായ ഒരു സമൂഹത്തിനും സമ്പന്നമായ സമ്പദ്‌വ്യവസ്ഥയ്ക്കും രാഷ്ട്രത്തിനും വേണ്ടിയുള്ള സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതാണിത്​. പ്രാദേശിക, മേഖലാ തന്ത്രങ്ങൾക്കനുസരിച്ച്​ മൂലധന പദ്ധതികൾക്കായുള്ള ചെലവുകൾക്ക് മുൻഗണന നൽകാനാണ് 2023 ലെ ബജറ്റിൽ സർക്കാർ ലക്ഷ്യമിടുന്നതെന്നും കിരീടാവകാശി പറഞ്ഞു.

വിഷൻ 2030-​െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങളുള്ള പരിപാടികളും പദ്ധതികളും നടപ്പാക്കുന്നത് തുടരുകയാണ്​.

സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കുന്നതിനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും തടസ്സങ്ങൾ മറികടക്കുന്നതിനും സ്വകാര്യമേഖലയെ ഇത്​ പ്രാപ്തമാക്കുന്നു. വിഷ​െൻറ പ്രധാന നേട്ടങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ സാമ്പത്തിക വീണ്ടെടുക്കൽ, സാമ്പത്തിക നിയന്ത്രണ സംരംഭങ്ങളും നയങ്ങളും പബ്ലിക് ഫിനാൻസ് മാനേജ്‌മെൻറി​െൻറ വികസനവും കാര്യക്ഷമതയും ബജറ്റ് മിച്ചം കൈവരിക്കുന്നതിന് സഹായകമായി. വിഷൻ 2030 ആരംഭിച്ചതിനുശേഷം നടപ്പാക്കിയ സാമ്പത്തികവും ഘടനാപരവുമായ പരിഷ്കാരങ്ങൾ സാമ്പത്തികവുമായ സൂചകങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവൽക്കരണത്തി​െൻറയും സാമ്പത്തിക സ്ഥിരതയുടെയും പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സംഭാവന നൽകിയെന്നും കിരീടാവകാശി പറഞ്ഞു.

പുതിയ ബജറ്റ് 'വിഷൻ 2030'-​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതി​െൻറ തുടർച്ചയാണ്. ചില മുൻ‌ഗണനയുള്ള തന്ത്രപരമായ പരിപാടികളും പദ്ധതികളും നടപ്പാക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള സാധ്യത നിലവിൽ പരിഗണിക്കുന്നുണ്ടെന്ന് കിരീടാവകാശി പറഞ്ഞു.

സൗദി അറേബ്യയുടെ ഏറ്റവും വലിയ സമ്പത്ത് സൗദി പൗരനാണ്​. സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിൽ പൗര​െൻറ പങ്ക് നിർണായകമാണ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സാമ്പത്തിക വളർച്ച പ്രതിഫലിച്ചു. ഇത് 2022 രണ്ടാം പാദത്തിൽ പൗരന്മാർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറയാൻ കാരണമായി. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

2.2 ദശലക്ഷത്തിലധികം പൗരന്മാർ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണ്. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം 17.7 ശതമാനത്തിൽനിന്ന് 35.6 ശതമാനമായി ഉയർന്നതിനെയും കിരീടാവകാശി പ്രശംസിച്ചു.

ഭൗമരാഷ്ട്രീയ മാറ്റങ്ങളിൽനിന്ന് ഉണ്ടാകുന്ന അപകടസാധ്യതകൾ പരിഹരിക്കുന്നതിലും അവയുടെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ പരിമിതപ്പെടുത്തുന്നതിലും ഗവൺമെൻറി​െൻറ വിജയം രാജ്യത്തി​െൻറ സമ്പദ്‌വ്യവസ്ഥയുടെ കരുത്ത് തെളിയിക്കുന്നു​. ആഗോള, ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതയും വളർച്ചയും ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ഊർജ വിപണിയെ സുസ്ഥിരമാക്കുന്നതിൽ സൗദിയുടെ പ്രധാന പങ്ക് കിരീടാവകാശി ത​െൻറ പ്രസംഗത്തിനിനൊടുവിൽ എടുത്തു പറഞ്ഞു.

Tags:    
News Summary - Saudi announced the next year's budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.