ഫ്രാൻസിൽ അധ്യാപകൻ കൊല്ലപ്പെട്ട സംഭവം; സൗദി അറേബ്യ അപലപിച്ചു

ജിദ്ദ: ഫ്രാൻസിൽ അധ്യാപകനെ തീവ്രവാദികൾ ശിരഛേദം ചെയ്ത് കൊന്നതിനെ സൗദി അറേബ്യ അടക്കമുള്ള അറബ്, മുസ്​ലിം ലോകം അപലപിച്ചു. പാരീസ് നഗരത്തിനടുത്ത് വെള്ളിയാഴ്ചയാണ് സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ സാമുവൽ പാറ്റി (47) എന്ന അധ്യാപകൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ സൗദി വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും ഇരയുടെ കുടുംബത്തോടും ഫ്രഞ്ച് സർക്കാരിനും ജനങ്ങൾക്കും രാജ്യത്തി​െൻറ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

അക്രമം, തീവ്രവാദം, ഭീകരത എന്നിവക്കെല്ലാം രാജ്യം എതിരാണെന്നും വിവിധ മതചിഹ്നങ്ങളെ മാനിക്കുന്നതായും മതത്തെ അപമാനിച്ച്‌ വിദ്വേഷം വളർത്തുന്നതിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണമെന്നും സൗദി ആഹ്വാനം നൽകി. സംഭവത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്​ലാമിക് കോഓപറേഷൻ (ഒ.ഐ.സി) സെക്രട്ടേറിയറ്റ് ജനറൽ അപലപിച്ചു. എല്ലാ മതങ്ങളിലും അക്രമവും ഭീകരതയും കുറ്റകൃത്യങ്ങളുമുണ്ടെന്ന് മുസ്​ലിം വേൾഡ് ലീഗ് മേധാവി ശൈഖ് മുഹമ്മദ് ബിൻ അബ്​ദുൽ കരീം അൽഇസ്സ പറഞ്ഞു.

അത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തുന്നതുൾപ്പെടെ തീവ്രവാദത്തിനെതിരെ പോരാടാനും അതി​െൻറ തിന്മയെ വേരോടെ പിഴുതെറിയാനും എല്ലാ ശ്രമങ്ങളും നടത്തേണ്ടതി​െൻറ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ തരത്തിലുള്ള ഭീകരതയ്‌ക്കെതിരെയും നിലകൊള്ളണമെന്നും അതി​െൻറ സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്ന എന്തും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം ഫ്രാൻസിലെ നേതാക്കളോട് അഭ്യർഥിച്ചു.

സുന്നി മുസ്‌ലിം പഠനകേന്ദ്രമായ കെയ്‌റോയിലെ അൽഅസ്ഹർ, ഗുരുതരമായ കുറ്റകൃത്യത്തെയും മറ്റെല്ലാ ഭീകരപ്രവർത്തനങ്ങളെയും അപലപിച്ചു. കൊലപാതകം ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത കുറ്റമാണെന്നും വിദ്വേഷ ഭാഷണത്തെയും അക്രമത്തെയും ശക്തമായി അപലപിക്കുന്നതായും അൽഅസ്ഹർ പ്രസ്താവനയിൽ പറഞ്ഞു. മതങ്ങളുടെ പവിത്രതയെയും മതവിശ്വാസികളെയും ബഹുമാനിക്കേണ്ടതുണ്ടെന്നും മതങ്ങളെ അപമാനിക്കുന്നതിലൂടെ വിദ്വേഷം വളർത്തുന്നതിൽ നിന്നും വിട്ടുനിൽക്കേണ്ടതുമുണ്ടെന്നും പ്രസ്​താവനയിൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Saudi Arabia comments on the issue of beheading the French-teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.