ജിദ്ദ: രാജ്യത്തെ ഭക്ഷ്യ വ്യവസായ മേഖലയിൽ 20 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിടുന്നതായി സൗദി വ്യവസായ, ധാതുവിഭവ മന്ത്രാലയം പ്രഖ്യാപിച്ചു. 2035ഓടെ ബേക്കറി, ഡെയറി, സ്വീറ്റ്സ്, ജ്യൂസുകൾ അടക്കമുള്ള മേഖലകളിലേക്ക് വൻതോതിൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽ ഖുറൈഫ് വ്യക്തമാക്കി.
കാർഷിക ഉൽപന്നങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂല്യവർധിത വസ്തുക്കളാക്കി അവയെ മാറ്റാനും മന്ത്രാലയം വൈവിധ്യമാർന്ന പദ്ധതികൾ ലക്ഷ്യമിടുന്നു. സൗദിയിൽ വർധിച്ചുവരുന്ന ഭക്ഷ്യമേഖലയിലെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന വിവിധ പദ്ധതികൾ നടപ്പാക്കുന്നതോടെ നാലായിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ കൂടി മന്ത്രാലയം ലക്ഷ്യംവെക്കുന്നു.
സൗദിയിലെ കയറ്റുമതിയുടെ മൂല്യം 2022ൽ 3.7 ബില്യൺ ഡോളറായിരുന്നു. 2035ഓടെ ഇത് 10.9 ബില്യൺ ഡോളറായി ഉയർത്താനാണ് രാജ്യത്തിന്റെ വ്യവസായ മന്ത്രാലയം ലക്ഷ്യംവെക്കുന്നത്.
ഭക്ഷ്യ വ്യവസായ മേഖലയുടെ സുസ്ഥിര വളർച്ച വർധിപ്പിക്കാൻ ശ്രമിക്കുന്ന ദേശീയ വ്യവസായിക തന്ത്രത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായ പദ്ധതികളാണ് അധികൃതർ നടപ്പാക്കാനൊരുങ്ങുന്നത്. പൗൾട്രി (കോഴിവളർത്തൽ) മേഖലയിലെ പുതിയ പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്ന് ‘അൽ മറാഈ’ കമ്പനിയുടേതാണ്. കോഴി ഉൽപാദനം വർധിപ്പിക്കാൻ 1.2 ബില്യൺ ഡോളറിന്റെ വിപുലമായ പദ്ധതിയാണ് അൽ മറാഈ നടപ്പാക്കാനൊരുങ്ങുന്നത്.
മിഡിൽ ഈസ്റ്റിലെയും വടക്കെ ആഫ്രിക്കയിലെയും ബ്രസീലിയൻ ജി.ബി.എസ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ 'അറബ് സിയറ ഫുഡ് കമ്പനി' 120 മില്യൺ ഡോളർ നിക്ഷേപത്തോടെ പൗൾട്രി ഫാക്ടറി സ്ഥാപിക്കുന്നുണ്ട്. 133 മില്യൺ ഡോളർ നിക്ഷേപത്തോടെ ടിൻ ട്യൂന പദ്ധതിയും നടപ്പാക്കും.
സൗദിയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയായിരിക്കും ഇത്. ഭക്ഷ്യ വ്യവസായത്തിലെ പ്രാദേശിക സാധ്യതകൾ വികസിപ്പിക്കുന്നതിനും പ്രാദേശിക, ആഗോള വിപണികളിലേക്ക് സൗദി ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.