ജിദ്ദ: ഗസ്സ മുനമ്പിലെ ജബാലിയ ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു. ഇത് നിരവധി നിരപരാധികളുടെ ജീവനപഹരിച്ചു. അനേകം പേർക്ക് പരിക്കേറ്റു. മനുഷ്യത്വരഹിതമായ പ്രവൃത്തിയാണിത്. ഗസ്സയിലെ സൈനികാക്രമണങ്ങൾ എത്രയും പെട്ടെന്ന് നിർത്തണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി ആവശ്യപ്പെട്ടു. ഇസ്രായേലി അധിനിവേശ സേന സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ ആവർത്തിച്ച് ലക്ഷ്യമിടുന്നത് അപലപനീയമാണെന്നും പൊറുക്കാനാവാത്ത നടപടിയാണെന്നും ‘എക്സ്’ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മാസം 27ന് യു.എൻ ജനറൽ അസംബ്ലി പാസാക്കിയ പ്രമേയത്തിന് അനുസൃതമായി ഉടൻ വെടിനിർത്താനും ഇരകൾക്ക് സഹായമെത്തിക്കുന്നതിനുള്ള മാനുഷിക ഇടനാഴി തുറക്കാനും അധിനിവേശ സർക്കാറിനെ സമ്മർദത്തിലാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ട സാഹചര്യത്തിലാണ് മനുഷ്യത്വരഹിതമായ ആക്രമണം തുടരുന്നതെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
നിലവിലുള്ള അപകടകരമായ മാനുഷിക സാഹചര്യങ്ങളെ ഒട്ടും ന്യായീകരിക്കാൻ കഴിയില്ല. രക്തച്ചൊരിച്ചിൽ ഒഴിവാക്കുക, സിവിലിയന്മാരെ സംരക്ഷിക്കുക, സൈനിക പ്രവർത്തനങ്ങൾ നിർത്തുക എന്നിവ അടിയന്തര മുൻഗണനകളാണ്. അത് നീട്ടിവെക്കാനോ തടസ്സപ്പെടുത്താനോ അംഗീകരിക്കാൻ കഴിയില്ല. ഉടൻ അവ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് അനിവാര്യമായും ഒരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കും. ഇസ്രായേൽ അധിനിവേശത്തിനും അന്താരാഷ്ട്ര സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.