ജിദ്ദ: സൗദി അറേബ്യയുമായി ബന്ധപ്പെട്ട കടൽതീരങ്ങളിൽ 10 കോടി കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നു. ചെടികളും മരങ്ങളും നട്ട് വളർത്തി മരുഭൂമിയെ ഹരിതവത്കരിക്കാൻ പ്രവർത്തിക്കുന്ന ദേശീയകേന്ദ്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെങ്കടലിന്റെയും അറേബ്യൻ ഉൾക്കടലിന്റെയും തീരങ്ങളിൽ ആറ് കോടി കണ്ടൽത്തൈകൾ ഇതിനകം നട്ടുപിടിപ്പിച്ചു. ഇതിൽ ഏറ്റവും കൂടുതൽ കണ്ടൽത്തൈകൾ വെച്ചുപിടിപ്പിച്ചത് ജീസാനിലെ ചെങ്കടൽതീരത്താണ്. 33 ലക്ഷത്തിലധികം തൈകൾ ഇതിനകം ഇവിടെ വെച്ചുപിടിപ്പിച്ചു.
സൗദി ഗ്രീൻ ഇനീഷ്യേറ്റിവ്, വിഷൻ 2030 എന്നീ പദ്ധതികളുടെ ലക്ഷ്യപ്രാപ്തിക്കാണ് ഇതെന്നും ദേശീയ കേന്ദ്രം വ്യക്തമാക്കി. കണ്ടൽക്കാടുകൾ പരിസ്ഥിതിസംരക്ഷണത്തിന് വലിയ പങ്കാണ് വഹിക്കുന്നത്.
കൂടാതെ സാമ്പത്തികം ടൂറിസം മേഖലകളിലും കണ്ടൽക്കാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. അന്തരീക്ഷത്തിലെ കാർബൺ ആഗിരണത്തിന് സഹായിക്കുന്ന ഒരു സ്വാഭാവിക സംഭരണശാല കൂടിയാണ് കണ്ടൽക്കാടുകൾ.
വനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന കാര്യക്ഷമതയാണ് ഇതിന്റെ സവിശേഷത. ദേശാടനപ്പക്ഷികളുടെ സ്വാഭാവിക ആവാസകേന്ദ്രം എന്നതിനൊപ്പം മത്സ്യസമ്പത്ത് പരമാവധി വർധിപ്പിച്ച് ഭക്ഷ്യസുരക്ഷയുണ്ടാക്കുന്നു. കണ്ടൽക്കാടുകൾ കടൽതീരത്തെ മാലിന്യങ്ങളെ അകറ്റാൻ സഹായിക്കുന്നു. താപനിലയും ഈർപ്പവും കുറക്കുകയും ചെയ്യും. സസ്യജാലങ്ങളെ സംരക്ഷിക്കാനും വികസിപ്പിക്കാനും നിലനിർത്താനും സംരക്ഷിക്കാനും രാജ്യത്തിന് ചുറ്റും അവ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
കൈയേറ്റങ്ങൾ കണ്ടെത്തുന്നതിനും പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനും അത് പ്രവർത്തിക്കുന്നു.
സൗദി ഗ്രീൻ ഇനീഷ്യേറ്റിവിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പ്രാദേശികമായും അന്തർദേശീയമായും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനുമുള്ള ഉപായമാണ് കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കുന്നതെന്നും ദേശീയകേന്ദ്രം അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.