സൗദി ബജറ്റ്: ഈ വർഷം ഇതുവരെ 14.14 ശതകോടി റിയാൽ മിച്ചം

ജിദ്ദ: സൗദി ബജറ്റ് ഈ വർഷം മൂന്നാംപാദത്തിൽ ഏകദേശം 14.14 ശതകോടി റിയാൽ മിച്ചം രേഖപ്പെടുത്തി. തിങ്കളാഴ്ച സൗദി ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ബജറ്റ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാംപാദത്തിൽ ആകെ 287.73 ശതകോടി റിയാലാണ് ചെലവ്. 301.87 ശതകോടി റിയാലിന്റെ വരുമാനവും രേഖപ്പെടുത്തി. മൂന്നാം പാദത്തിലെ എണ്ണ വരുമാനം ഏകദേശം 229.02 ശതകോടി റിയാലും എണ്ണയിതര വരുമാനം 72.85 ശതകോടി റിയാലുമാണ്.

2021ലെ മൂന്നാംപാദത്തിലെ 243.38 ശതകോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഇതേ കാലയളവിൽ മൊത്തം വരുമാനം 24 ശതമാനം വർധിച്ചിട്ടുണ്ട്. അത് ഏകദേശം 301.87 ശതകോടിയായി ഉയർന്നു. ഈ വർഷത്തെ മൂന്നാംപാദത്തിൽ ആകെ ചെലവുകൾ 22 ശതമാനം വർധിച്ച് 287.73 ശതകോടി റിയാലായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ കാലയളവിലെ മൊത്തം ചെലവ് ഏകദേശം 236.7 ശതകോടി റിയാലായിരുന്നു.

2021ലെ മൂന്നാംപാദത്തിലെ എണ്ണ വരുമാനം 147.98 ശതകോടി റിയാലായിരുന്നു. ഈ വർഷം ഇതേ കാലയളവിൽ എണ്ണ വരുമാനം 55 ശതമാനം വർധിച്ച് ഏകദേശം 229.02 ശതകോടി റിയാലായി. കഴിഞ്ഞവർഷം മൂന്നാംപാദത്തിലെ എണ്ണയിതര വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഇതേ കാലയളവിൽ 24 ശതമാനം കുറഞ്ഞ് 72.85 ശതകോടി റിയാലായി. കഴിഞ്ഞ വർഷം 95.4 ശതകോടി റിയാലായിരുന്നു എണ്ണയിതര വരുമാനം.

ഈ വർഷം ഒമ്പത് മാസത്തെ ബജറ്റ് വിലയിരുത്തുമ്പോൾ ആകെ വരുമാനം ഏകദേശം 950.19 ശതകോടി റിയാൽ രേഖപ്പെടുത്തി. 800.65 ശതകോടി റിയാലാണ് ചെലവ്. 149.54 ശതകോടി റിയാൽ മിച്ചം രേഖപ്പെടുത്തി. ഒമ്പത് മാസത്തെ എണ്ണ വരുമാനം ഏകദേശം 663.09 ശതകോടി റിയാലാണ്. എണ്ണയിതര വരുമാനം ഏകദേശം 287.1 ശതകോടി റിയാലാണ്.

Tags:    
News Summary - Saudi budget: Surplus of 14.14 billion riyals so far this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.