റിയാദ്: അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഫോളോ-അപ് ഉച്ചകോടി റിയാദിൽ നടക്കും. ഇതിനായി മുന്നോട്ടു വെച്ച നിർദേശം അംഗീകരിക്കപ്പെട്ടതിനെ ചൊവ്വാഴ്ച റിയാദിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭായോഗം സ്വാഗതം ചെയ്തു.
ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിനും സഹോദരങ്ങളായ ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 2026ൽ യൂറോപ്യൻ-ഗൾഫ് ഉച്ചകോടിക്ക് സൗദി ആതിഥേയത്വം വഹിക്കുന്നതിനെയും മന്ത്രിസഭ സ്വാഗതം ചെയ്തു.
ഇരുപക്ഷവും തമ്മിലുള്ള ബന്ധത്തിന് ഇത് ഉത്തേജനമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2026ൽ 27ാമത് വേൾഡ് എനർജി കോൺഫറൻസിന് സൗദി ആതിഥേയത്വം വഹിക്കുമെന്നും മന്ത്രിസഭ സ്ഥിരീകരിച്ചു.
ഇത് ഊർജ മേഖലയിൽ സൗദി അറേബ്യക്കുള്ള പ്രധാന പങ്കിനെയും ഊർജ പരിവർത്തനത്തിനായി തുടർച്ചയായി നേതൃത്വം നൽകുന്നതിന്റെയും പ്രതിഫലനവും അംഗീകാരവുമാണെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.
മയക്കുമരുന്നിനെ ചെറുക്കുന്നതിനും കടത്തുകാരെയും ഇടപാടുകാരെയും പിടികൂടുന്നതിലും ആഭ്യന്തര മന്ത്രാലയം തുടരുന്ന ശ്രമങ്ങളെയും ഈ വിപത്തിനെ നേരിടുന്നതിൽ കൈവരിച്ച നേട്ടങ്ങളെയും വിജയത്തെയും മന്ത്രിസഭ അഭിനന്ദിച്ചു. റിയാദ് മേഖലയിൽ മയക്കുമരുന്ന് കടത്തും വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഒരു ക്രിമിനൽ ശൃംഖലയെ കണ്ടെത്തുകയും അത് പൊളിക്കുകയും ചെയ്തത് ഏറ്റവും ഒടുവിലത്തെ നടപടിയാണ്.
സഹോദര രാജ്യങ്ങളിലെ പ്രത്യേക ഏജൻസികളുമായി ഏകോപിച്ച് കള്ളക്കടത്ത് തടയുന്നതിന് അന്താരാഷ്ട്ര തലത്തിൽ തുടരുന്ന ശ്രമങ്ങൾക്ക് പുറമെയാണിതെന്നും മന്ത്രിസഭ പറഞ്ഞു. ജിദ്ദ ഗവർണറേറ്റിൽ മെഡിക്കൽ സയൻസസ് കോളജ് സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി.
ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റീവിൽ 11 രാജ്യങ്ങൾ ചേർന്നതിനെ മന്ത്രിസഭ പ്രശംസിച്ചു. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള മാതൃകയാകാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആരംഭിച്ച ഈ ഉദ്യമത്തിന്റെ അഭിലാഷ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകാൻ കൂടുതൽ രാജ്യങ്ങൾ സംരംഭത്തിൽ ചേരുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.