റിയാദ്: രണ്ട് ദിവസങ്ങളിലായി റിയാദിൽ നടന്ന അറബ്-ചൈനീസ് വ്യാപാര സമ്മേളനത്തിൽ ഒപ്പുവെച്ചത് 1,000ത്തിൽപരം കോടി ഡോളറിന്റെ കരാർ. ബെയ്ജിങ്ങും മധ്യപൗരസ്ത്യ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വാണിജ്യ ബന്ധം വളർന്നുവരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ വ്യാപാര സമ്മേളനം നടന്നത് എന്നത് ശ്രദ്ധേയമാണ്.
ചൈനയിൽനിന്നും അറബ് രാജ്യങ്ങളിൽനിന്നുമുള്ള 3,500ലധികം സർക്കാർ ഉദ്യോഗസ്ഥരും ബിസിനസ് സ്ഥാപനങ്ങളുടെ മേധാവികളും സമ്മേളനത്തിൽ പങ്കെടുത്തതായി സൗദി നിക്ഷേപ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സമ്മേളനത്തിൽ ഒപ്പുവെച്ച 1,000 കോടി ഡോളറിന്റെ നിക്ഷേപ കരാറുകളിൽ ഭൂരിഭാഗവും സൗദി അറേബ്യയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. അതിൽതന്നെ നല്ലൊരു ശതമാനം സർക്കാർ സ്ഥാപനങ്ങൾക്ക് വേണ്ടിയാണെന്നും പ്രസ്താവനയിൽ പറയുന്നു.
സൗദി നിക്ഷേപ മന്ത്രാലയവും ഇലക്ട്രിക്, സെൽഫ് ഡ്രൈവിങ് കാറുകളുടെ ചൈനീസ് നിർമാതാക്കളായ ഹ്യൂമൻ ഹൊറൈസൻസും തമ്മിൽ മാത്രം 560 കോടി ഡോളറിന്റെ ധാരണപത്രമാണ് ഒപ്പുവെച്ചത്. പ്രസ്താവനപ്രകാരം, സൗദി അറേബ്യയിൽ ഒരു ഇരുമ്പ് ഫാക്ടറി സ്ഥാപിക്കുന്നതിനായി എ.എം.ആർ അൽ ഉല കമ്പനിയും ചൈനയിലെ സോങ്ഹുവാൻ ഇന്റർനാഷനൽ ഗ്രൂപ്പും തമ്മിൽ 5.33 കോടി ഡോളറിന്റെ ഇടപാടിൽ ഒപ്പുവെച്ചു.
സൗദി എ.എസ്.കെ ഗ്രൂപ്പും ചൈനീസ് നാഷനൽ ജിയളോജിക്കൽ ആൻഡ് മൈനിങ് കോർപറേഷനും ചെമ്പ് ഖനനവുമായി ബന്ധപ്പെട്ട് 50 കോടി ഡോളറിന്റെ സഹകരണ കരാറിലാണ് ഒപ്പുവെച്ചത്. സാങ്കേതികവിദ്യ, കൃഷി, പുനരുപയോഗ ഊർജം, റിയൽ എസ്റ്റേറ്റ്, പ്രകൃതിവിഭവങ്ങൾ, ടൂറിസം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലാണ് കൂടുതൽ കരാറുകളും ഒപ്പിട്ടത്.
സമ്മേളന ഉദ്ഘാടന വേളയിൽ, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ചൈനയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.
സമ്മേളനം നല്ലൊരു അവസരമാണെന്നും രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനപ്രദമായ ഭാവി കെട്ടിപ്പടുക്കാനുള്ള സന്ദർഭമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.