യാംബു: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ എട്ടു പേരുടെ ജീവനപഹരിച്ച് ഇസ്രായേൽ നടത്തിയ സൈനികാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന നടപടികളെ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിനിരയായ വ്യക്തികളുടെ കുടുംബങ്ങളോടും ഫലസ്തീൻ സർക്കാറിനോടും ജനങ്ങളോടും രാജ്യം ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുകയാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന ഗുരുതരമായ നിയമ ലംഘനങ്ങളോടും മൃഗീയമായ ആക്രമണങ്ങളോടും സൗദി ശക്തിയായി പ്രതിഷേധിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് എട്ട് ഫലസ്തീനികളുടെ കൊലപാതകത്തിനും അമ്പതോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കാനും ഇടയാക്കിയ ഇസ്രായേൽ ആക്രമണം നടന്നത്. കുടിയേറ്റം വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ മുന്നോടിയായാണ് ഇസ്രായേൽ ആക്രമണം അഴിച്ചുവിടുന്നതെന്ന് ഫലസ്തീൻ അതോറിറ്റി ആരോപിച്ചു.
അമേരിക്കയുടെ എതിർപ്പും അവഗണിച്ച് ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നതായി ആഗോള മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷനും (ഒ.ഐ.സി) ഗൾഫ് സഹകരണ കൗൺസിലും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
ഫലസ്തീൻ സമാധാനത്തിലേക്കുള്ള വഴി കണ്ടെത്താൻ ശ്രമിക്കാനുള്ള ധാർമിക ഉത്തരവാദിത്തം നമുക്കുണ്ടെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ ഫലസ്തീനിലും ഇസ്രായേലിലും വരാനിരിക്കുന്ന കഷ്ടപ്പാടുകൾ വിവരണാതീതമായിരിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ചൂണ്ടിക്കാട്ടി. അതിനാൽ, സൗദിക്ക് കഴിയുന്നത് ഞങ്ങൾ ചെയ്യും. ഫലസ്തീൻ സമാധാനം നിലനിർത്താൻ മറ്റുള്ള രാജ്യങ്ങളുമായി ഇടപഴകി യോജിച്ച മുന്നേറ്റം നടത്താൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജിദ്ദ: ഫലസ്തീനിലെ ജെനിൻ നഗരത്തിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു. ഭീഷണിപ്പെടുത്തി കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കൽ, കൊലപാതകം, മെഡിക്കൽ ജീവനക്കാരെ ജോലി ചെയ്യുന്നതിൽ നിന്ന് തടയൽ, എന്താണ് സംഭവിക്കുന്നതെന്ന സത്യാവസ്ഥ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ ലക്ഷ്യം വെക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇസ്രായേൽ സേന നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ കുറ്റകൃത്യങ്ങളുടെയും ഫലസ്തീൻ ജനതക്കെതിരായ ആവർത്തിച്ചുള്ള ആക്രമണങ്ങളുടെയും അനന്തരഫലങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്നും ഒ.ഐ.സി വ്യക്തമാക്കി. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ ചെയ്തതും ഇപ്പോൾ ചെയ്യുന്നതുമായ യുദ്ധക്കുറ്റങ്ങളിൽ ക്രിമിനൽ അന്വേഷണം പൂർത്തിയാക്കുന്നത് ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയോട് ഒ.ഐ.സി ആവശ്യപ്പെട്ടു.
ഇസ്രായേലിന്റെ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾ തടയുന്നതിനും ഫലസ്തീൻ ജനതയെ സംരക്ഷിക്കാനും പ്രായോഗികവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്നും ഒ.ഐ.സി ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.