യാംബു: സൗദി അറേബ്യയിൽ ആഗസ്റ്റിലെ വാർഷിക പണപ്പെരുപ്പം രണ്ട് ശതമാനമായി കുറഞ്ഞെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. രാജ്യത്തെ ഉപഭോക്തൃ വിലസൂചിക കഴിഞ്ഞമാസം 2.3 ശതമാനം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ തുടർച്ചയായി മൂന്നാംമാസവും കുറഞ്ഞതായാണ് കാണുന്നത്. 14 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞതാണ് ഇത്. ഉപഭോക്തൃ വിലസൂചികയിലെ (പണപ്പെരുപ്പ നിരക്ക്) തുടർച്ചയായ മൂന്നാംമാസവും ആഗസ്റ്റിൽ ഇടിവ് തുടർന്നു. കഴിഞ്ഞ മേയിൽ 2.8 ശതമാനത്തിൽനിന്ന് ജൂണിൽ 2.7 ശതമാനമായും ജൂലൈയിൽ 2.3 ശതമാനമായും രേഖപ്പെടുത്തിയിരുന്നു. ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് വിവിധ ഇന്ധനങ്ങൾ എന്നിവയുടെ വിലയിൽ ഒമ്പത് ശതമാനവും ഭക്ഷണ പാനീയങ്ങളുടെ വില 0.4 ശതമാനവും വർധിച്ചതിെൻറ ഫലമായി പണപ്പെരുപ്പ നിരക്ക് വാർഷികാടിസ്ഥാനത്തിൽ വർധിച്ചതായി അതോറിറ്റി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് പണപ്പെരുപ്പത്തിെൻറ പ്രധാനകാരണം ഭവന വാടക 10.8 ശതമാനം വർധിച്ചതാണ്. അപ്പാർട്മെൻറ് വാടക വില 22.5 ശതമാനം വർധിച്ചതാണ് ഭവന വാടകയിലെ വർധനയെ ബാധിച്ചത്. ഈ ഗ്രൂപ്പിലെ ഉയർച്ച കഴിഞ്ഞമാസത്തെ വാർഷിക പണപ്പെരുപ്പത്തിലെ വർധനയിൽ കാര്യമായ സ്വാധീനം ചെലുത്തി. ഭക്ഷണ, പാനീയ വിലകൾ, കഴിഞ്ഞവർഷം ഭൂരിഭാഗവും വിലവർധനയുടെ മുൻനിരയിലായിരുന്നു. അതേസമയം വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും ഫർണിച്ചറുകൾക്കും വീട്ടുപകരണങ്ങൾക്കും വില കുറഞ്ഞു. പാൽ, പാലുൽപന്നങ്ങൾ, മുട്ട എന്നിവയുടെ വിലയിൽ 5.9 ശതമാനം വർധനയുണ്ടായതിനെത്തുടർന്ന് ഭക്ഷണ-പാനീയങ്ങളുടെ വില ഉയർന്നതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.