കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ഓൺലൈൻ വാർത്താ സമ്മേളനത്തിൽ നിന്ന്​

സൗദി കെ.എം.സി.സി സുരക്ഷാപദ്ധതി: അഞ്ചര കോടി രൂപയുടെ ആനുകൂല്യ വിതരണം വെള്ളിയാഴ്​ച പാണക്കാട്ട്

റിയാദ്: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാപദ്ധതിയിൽ നിന്നും അഞ്ചര കോടിയോളം രൂപയുടെ ധനസഹായം വെള്ളിയാഴ്​ച വിതരണം ചെയ്യുമെന്ന്​ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ്​ മൂന്നിന്​ മലപ്പുറം പാണക്കാട് നടക്കുന്ന ചടങ്ങിൽ സംസ്ഥാന മുസ്​ലിം ലീഗ് പ്രസിഡൻറ്​ ഹൈദരലി ശിഹാബ് തങ്ങൾ വിതരണം ഉദ്ഘാടനം ചെയ്യും. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ കെ.പി. മുഹമ്മദ്‌കുട്ടി അധ്യക്ഷത വഹിക്കും.

ചടങ്ങിൽ മുസ്​ലിം ലീഗ് നേതാക്കളയായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി, പി.വി. അബ്​ദുൽ വഹാബ് എം.പി, കെ.പി.എ. മജീദ്, എം.കെ. മുനീർ എം.എൽ.എ, മുനവ്വറലി ശിഹാബ് തങ്ങൾ, എം.സി. മായിൻഹാജി, അബ്​ദുറഹ്‌മാൻ കല്ലായി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഉമർ പാണ്ടികശാല, പി.കെ. ഫിറോസ്, അഡ്വ. യു.എ. ലത്തീഫ് എം.എൽ.എമാരും മറ്റു നേതാക്കളും പങ്കെടുക്കും. കൊവിഡ് ബാധിച്ച് മരിച്ച 22 പേരടക്കം ഇൗ വർഷം സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരിച്ച 81 പേരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപവീതവും പദ്ധതി കാലയളവിൽ മാരക രോഗങ്ങൾക്ക് ചികിത്സ തേടിയ 110ഒാളം അംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങളുമടക്കം അഞ്ചര കോടിയോളം രൂപയാണ് വിതരണം ചെയ്യുന്നത്.

സാമൂഹിക സുരക്ഷാപദ്ധതി ആരംഭിച്ച്​ ആറു വർഷത്തിനിടയിൽ 15 കോടിയോളം രൂപ വിതരണം ചെയ്​തതായും ഭാരവാഹികൾ വ്യക്തമാക്കി. ഈ വർഷത്തെ ആനുകൂല്യങ്ങളടക്കം ഇത്​ 20 കോടി രൂപ കവിയുമെന്നും അവർ വിശദീകരിച്ചു. സുരക്ഷാ പദ്ധതിയുടെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി കോഴിക്കോട് കേന്ദ്രീകരിച്ച് കെ.എം.സി.സി കേരള ട്രസ്​റ്റ്​ എന്ന പേരിൽ രജിസ്ട്രേഡ് ട്രസ്​റ്റ്​ രൂപവത്​കരിച്ച്​ പ്രവർത്തിക്കുന്നുണ്ട്. സുരക്ഷാ പദ്ധതിയുടെ അടുത്ത വർഷത്തെ അംഗത്വ പ്രചാരണ പ്രവർത്തനങ്ങൾ ഒക്ടോബർ ഒന്നിന് ആരംഭിച്ച്‌, ഡിസംബർ 15ന് അവസാനിക്കും. പദ്ധതിയിൽ ചേരാൻ താൽപര്യമുള്ള പ്രവാസികൾ നാഷനൽ കമ്മിറ്റിയുടെ കീഴ്ഘടകങ്ങൾ മുഖേനെ നടപടികൾ പൂർത്തീകരിക്കണം. www.mykmcc.org ലൂടെയും അംഗത്വം പുതുക്കാനാവും.

ഓൺലൈൻ വാർത്താ സമ്മേളനത്തിൽ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ കെ.പി. മുഹമ്മദ്‌കുട്ടി, വർക്കിങ് പ്രസിഡൻറ്​ അഷ്‌റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞിമോൻ കാക്കിയ, സുരക്ഷാപദ്ധതി ചെയർമാൻ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട്, സുരക്ഷാ പദ്ധതി കോഓഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.