മക്ക: സൗദിയിലുള്ള ഉംറ വിസക്കാർ ഹജ്ജിന് മുമ്പായി രാജ്യം വിടാനുള്ള അവസാന തീയതി ദുൽഖഅദ് 29 (ജൂൺ ആറ്) ആണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. ഉംറ വിസക്കാർ സൗദി വിടേണ്ട അവസാന ദിവസം ദുൽഖഅദ് 15 (മെയ് 23) ആണെന്ന് മന്ത്രാലയം ഞായറാഴ്ച ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരാളുടെ അന്വേഷണത്തിന് മറുപടി നൽകിയിരുന്നു.
ഇത് സൗദിയിലെ പ്രാദേശിക പത്രങ്ങൾ അടക്കം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച്ച ഇതേ വിഷയം വീണ്ടും ചോദിച്ചപ്പോൾ നൽകിയ ഔദ്യോഗിക വിശദീകരണത്തിലാണ് ഉംറ വിസക്കാർ ദുൽഖഅദ് 29 (ജൂൺ ആറിന്) രാജ്യം വിട്ടാൽ മതിയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വീണ്ടും മറുപടി നൽകിയത്. ഈ ദിവസത്തിനകം എല്ലാ ഉംറ തീർഥാടകരും സൗദി വിടണം. ഹജ്ജിന് മുന്നോടിയായി വർഷം തോറും ഏർപ്പെടുത്തുന്നതാണ് ഈ നിയന്ത്രണം.
ഹജ്ജ് ഒരുക്കത്തിന്റെ ഭാഗമായി എല്ലാവർഷവും ഉംറ വിസക്കാർക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണം പാലിക്കുന്നത് അധികൃതർ കർശനമായി നിരീക്ഷിക്കും. വിസയിൽ കാലാവധി അവശേഷിക്കുന്നുണ്ടെങ്കിലും നിശ്ചിത തീയതിക്കകം മടങ്ങൽ നിർബന്ധമാണ്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കടുത്ത പിഴയുൾപ്പെടെയുള്ള നടപടി നേരിടേണ്ടിവരുമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ഹജ്ജ് കർമങ്ങൾ അവസാനിച്ച് മുഹറം ഒന്നിനാണ് പുതിയ ഉംറ തീർഥാടകർക്ക് സൗദി വിസ അനുവദിക്കുന്നത്. വിദേശത്ത് നിന്നുള്ള ഉംറ തീർഥാടകർ നിശ്ചിത സമയത്ത് മടങ്ങിപ്പോകാതിരുന്നാൽ 24 മണിക്കൂറിനകം ഹജ്ജ് ഉംറ മന്ത്രാലയത്തെ അറിയിക്കണമെന്ന നിർദേശം നേരത്തേ തന്നെ ഉംറ സർവീസ് കമ്പനികൾക്ക് നൽകിയിട്ടുണ്ട്.
തീർഥാടകർ സൗദിയിൽനിന്ന് മടങ്ങിയിട്ടില്ലെന്ന് നിരീക്ഷിച്ച സമയം മുതൽ 24 മണിക്കൂറിനകം സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ‘നുസ്‌ക്’ ഹജ്ജ് പ്ലാറ്റ് ഫോം വഴിയാണ് വിവരം നൽകേണ്ടതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വിസ അനുവദിക്കുന്ന ദിവസം മുതൽ മൂന്ന് മാസമായിരിക്കും ഉംറ വിസയുടെ കാലാവധി എന്ന് ഞായറാഴ്ച നൽകിയ മറുപടിയും മന്ത്രാലയം തിരുത്തിയിട്ടുണ്ട്. ഉംറ തീർത്ഥാടകർ സൗദിയിലെത്തുന്ന ദിവസം മുതൽ മൂന്ന് മാസമായിരിക്കും രാജ്യത്ത് താങ്ങാനുള്ള കാലാവധി എന്ന് മന്ത്രാലയം അറിയിച്ചു.
ദുൽഖഅദ് 15 (മെയ് 23) ന് മുമ്പ് ഉംറ വിസക്കാർ രാജ്യം വിടണമെന്ന ഞായറാഴ്ചയിലെ മന്ത്രാലയത്തിന്റെ അറിയിപ്പ് നിലവിൽ സൗദിയിലുള്ള നിരവധി മലയാളി കുടുംബങ്ങളെ നിരാശരാക്കിയിരുന്നു. നാട്ടിലെ സ്‌കൂൾ വെക്കേഷൻ ചിലവഴിക്കാൻ കുടുംബങ്ങൾ കൂട്ടത്തോടെ ഇപ്പോൾ സൗദിയിൽ ഉംറ വിസയിലെത്തിയിട്ടുണ്ട്. ജൂൺ ആദ്യ വാരം സ്‌കൂൾ തുറക്കുമ്പോഴേക്കും മടങ്ങാനുള്ള വിമാന ടിക്കറ്റുകൾ എടുത്താണ് ഇവർ എത്തിയത്. മന്ത്രാലയത്തിൽ നിന്നുള്ള പുതിയ അറിയിപ്പ് ഇവർക്കെല്ലാം വീണ്ടും ആശ്വാസമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.