ജിദ്ദ: സൗദി അറേബ്യയും ഒമാനും തമ്മിൽ നേരിട്ട് കര, കടൽ ഗതാഗത മാർഗങ്ങൾ തുറക്കുന്നത് വേഗത്തിലാക്കും. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഏകോപന സമിതി രൂപവത്കരിക്കാൻ ധാരണപത്രം ഒപ്പിട്ടതിന് പിറകെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമാൻ സുൽത്താൻ ഹൈസം ബിൻ താരിഖിെൻറ ദ്വിദിന സന്ദർശനം പൂർത്തിയാക്കിയ വേളയിലാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ധാരണപത്രം ഒപ്പിട്ടത്.
ഇരു രാജ്യങ്ങൾക്കുമിടയിൽ കരമാർഗം നേരിട്ടുള്ള റോഡ് ഉടൻ തുറക്കും. അതുപോലെ കടൽ മാർഗമുള്ള ഗതാഗതത്തിനായി അതിർത്തി തുറമുഖം തുറക്കുന്നതും വേഗത്തിലാക്കും. ഇത് രണ്ടിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. രണ്ട് സഹോദരരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സമന്വയം കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെ സുഗമമായ യാത്രക്കും വിതരണ ശൃംഖലകൾ കാര്യക്ഷമമാകാനും നേരിട്ടുള്ള ഗതാഗത സൗകര്യം വരുന്നത് സഹായിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഗതാഗതം അടക്കം വിവിധ മേഖലകളിൽ സഹകരിക്കുന്നതിനാണ് ഏകോപന സമിതി രൂപവത്കരിക്കുന്നത്.
ഇരു രാജ്യങ്ങളിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംസാരിക്കുന്നതിനും ആഗ്രഹങ്ങൾ സഫലമാകുന്നതിനും പൊതു, സ്വകാര്യ മേഖലകളെ ഉത്തേജിപ്പിച്ചുകൊണ്ടുള്ള സാമ്പത്തിക സഹകരണത്തിെൻറ വേഗം കൂട്ടാനും ഇതിെൻറ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. സൗദി വിഷൻ 2030, ഒമാൻ വിഷൻ 2040 എന്നീ പദ്ധതികളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇതു സഹായിക്കും. ദുഖം മേഖലയിലെ നിക്ഷേപം, ഉൗർജ സഹകരണം, ഭക്ഷ്യ സുരക്ഷ മേഖലയിലെ പങ്കാളിത്തം, വിവിധ സാംസ്കാരിക കായിക, ടൂറിസം പ്രവർത്തനങ്ങളിലെ സഹകരണം എന്നിവ ഇതിലുൾപ്പെടുന്നു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച പരിസ്ഥിതി, ഭക്ഷ്യസുരക്ഷ, ഗ്രീൻ മിഡിൽ ഈസ്റ്റ് സംരംഭങ്ങളിലെ സഹകരണം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ എണ്ണവിപണിയുടെ സ്ഥിരതക്കും സന്തുലിതാവസ്ഥക്കും സൗദിയുടെ നേതൃത്വത്തിലും ഒമാെൻറ പങ്കാളിത്തത്തിലും ഒപെക് ഗ്രൂപ് രാജ്യങ്ങൾ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചു. എണ്ണ വിപണിയുടെ സ്ഥിരതയെ പിന്തുണക്കുന്നതിന് സഹകരണം തുടരേണ്ടതിെൻറ ആവശ്യകത ഇരുരാജ്യങ്ങളും ഉൗന്നിപ്പറഞ്ഞു. ജി 20 രാജ്യങ്ങൾ അംഗീകരിച്ച സർക്കിൾ കാർബൺ ഇക്കോണമി സമീപനം നടപ്പാക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെ സ്വാഗതം ചെയ്തു. നൂതന സാങ്കേതിക വിദ്യകൾ, നവീകരണം, ഉൗർജ പദ്ധതികൾ, പുനരുപയോഗ ഉൗർജം, വ്യവസായം, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങൾ, റിയൽ എസ്റ്റേറ്റ് വികസനം, ടൂറിസം, പെട്രോ കെമിക്കൽസ്, നിർമാണ വ്യവസായങ്ങൾ, വിതരണ ശൃംഖലകൾ, ലോജിസ്റ്റിക്കൽ പങ്കാളിത്തം എന്നിവയിൽ പരസ്പര നിക്ഷേപത്തിനുള്ള അവസരങ്ങൾ പഠിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകാനും തീരുമാനിച്ചു.
ഒമാൻ നേടാൻ ആഗ്രഹിക്കുന്ന ഗുണനിലവാരമുള്ള പദ്ധതികളിൽ നിക്ഷേപം നടത്താൻ സൗദി കമ്പനികളുടെ പങ്കാളിത്തത്തെയും ഇരുരാജ്യങ്ങൾ സ്വാഗതം ചെയ്തു. യമൻ പ്രതിസന്ധിക്ക് സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടിലെ യോജിപ്പും ഇരുപക്ഷവും പ്രകടിപ്പിച്ചു. ഇറാെൻറ ആണവ, മിസൈൽ ഫയലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹകരിച്ചും ഗൗരവത്തോടെയും ഫലപ്രദമായും ഇടപെടുന്നതിെൻറ പ്രാധാന്യവും ഇരുരാജ്യങ്ങളും ഉൗന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.