ത്വാഇഫ്: കോവിഡ് ലക്ഷണമുണ്ടെന്ന് സംശയിക്കുന്നവരുടെ പരിശോധനകൾക്കും ചികിത്സക്കും ത്വാഇഫിൽ 18 തത്മൻ ക്ലിനിക്കുകൾ. നിലവിൽ 14 ക്ലിനിക്കുകളാണുണ്ടായിരുന്നത്. മേഖല ആരോഗ്യ കാര്യാലയ ഡയക്ടറുടെ നിർദേശത്തെ തുടർന്ന് അടുത്തിടെയാണ് നാല് ക്ലിനിക്കുകൾ കൂടി പ്രവർത്തനമാരംഭിച്ചത്. ആറ് ക്ലിനിക്കുകൾ ത്വാഇഫ് ഗവർണറേറ്റ് പരിധിക്കുള്ളിലാണ്. റനിയ, തുർബ, ഖുർമ, മവിയ, മീസാൻ എന്നിവിടങ്ങളിലെ മെഡിക്കൽ സെൻററുകളിലും ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. രാവിലെ എട്ട് മുതൽ രാത്രി 12 വരെയാണ് പ്രവർത്തന സമയം. ഖിയ, ഖുറൈഅ്, ദലം, മഹാനി, ഉമ്മു അൽദൂം എന്നീ ആശുപത്രികളിൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന ക്ലിനിക്കുകളും ഒരുക്കിയിട്ടുണ്ട്.
ത്വാഇഫ് മേഖലയിൽ കോവിഡ് ബാധിതരെ കണ്ടെത്തുകയും ചികിത്സ നൽകുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ആശുപത്രികൾക്ക് പുറമെ ഫീൽഡ് പരിശോധനകളും വാഹന ആരോഗ്യ പരിശോധനയും ബോധവത്കരണവും നടന്നുവരുന്നുണ്ട്. ഹയ്യ് ബുഖാരിയിയിലെ പഴയ കിങ് ഫൈസൽ ആശുപത്രി പരിസരത്ത് വാഹനങ്ങളിൽ ആളുകളെ പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ‘സിഹത്തി’ എന്ന ആപ് വഴി നേരത്തെ ബുക്കിങ് നടത്തിയവർക്കായിരിക്കും സേവനം ലഭിക്കുക. ഫീൽഡ് പരിശോധനക്കും കച്ചവട, ഉല്ലാസ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും ആരോഗ്യ മുൻകരുതൽ പരിശോധനക്ക് 350 പേരും 450 സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.