ജിദ്ദ: സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ലക്ഷ്യമിട്ടുള്ള കരാറുകൾ 86 ശതമാനം പൂർത്തിയാക്കിയതായി സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 2021 വരെ 3,60,000 തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നതാണ് കരാറുകൾ. അഞ്ചു മേഖലകളിൽ സ്വദേശിവത്കരണം പൂർത്തിയാക്കുകയുണ്ടായി. അടുത്ത വർഷം വരെ 1,24,000 ജോലികൾ സ്വദേശിവത്കരണത്തിന് നിശ്ചയിച്ചിട്ടുണ്ട്. സ്വയം തൊഴിൽ, വിദൂരജോലി, ഫ്ലക്സിബിൾ ജോലി എന്നിവയുമായി ബന്ധപ്പെട്ട് മൂന്നു നിയമനിർമാണം നടത്തിയിരുന്നു.
ഇതിലൂടെ 2022 വരെ 2,68,000 ജോലികൾ സ്വദേശിവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്തിടെയാണ് നിർണിത സ്വകാര്യ മേഖലകളിൽ സ്വദേശികവത്കരണ കരാറുകളിലൂടെ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാൻ ആരംഭിച്ചത്. ബിരുദധാരികളായ പരിശീലനം നേടിയവർക്കും തൊഴിലന്വേഷിച്ച് ധാരാളം സമയം ചെലവഴിച്ചവർക്കും ജോലി നൽകാൻ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലവസരങ്ങളൊരുക്കാൻ മന്ത്രാലയം വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരുകയാണ്.
ഒാരോ മേഖലയിലും സ്വദേശിവത്കരണ നടപടികളുടെ പുരോഗതി വിലയിരുത്താനും പരിശോധിക്കാനും ഗവർണറേറ്റിനു കീഴിൽ പ്രത്യേക സമിതി പ്രവർത്തിക്കുന്നുണ്ട്. ഇതിെൻറ ഭാഗമായുള്ള പരിശോധനകൾ തുടരുകയാണ്. നടപ്പാക്കിവരുന്ന പദ്ധതികൾ ലക്ഷ്യംനേടുന്നതായാണ് വിലയിരുത്തൽ.
2020 ആദ്യ ക്വാർട്ടറിൽ സെൻസസ് വകുപ്പ് നടത്തിയ കണക്കെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ അനുപാതം കുറഞ്ഞിട്ടുണ്ടെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.