ജിദ്ദ: സൗദി അറേബ്യയുടെ വിനോദസഞ്ചാര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ‘ചെങ്കടൽ പദ്ധതി’ക്ക് അംഗീകാരം. കഴിഞ്ഞ ദിവസം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് പദ്ധതി പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ തീരമേഖലയിൽ അതി വിസ്തൃതമായ പ്രദേശത്ത് ആരംഭിക്കുന്ന പദ്ധതി ലോകത്തെ ഏറ്റവും സമഗ്രമായ കടലോര, പൈതൃക പദ്ധതിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മദാഇൻ സ്വാലിഹ് ഉൾപ്പെടെ പൈതൃക സ്ഥാനങ്ങൾ, പടിഞ്ഞാറൻ പർവത നിര, സംരക്ഷിത പ്രകൃതി മേഖലകൾ, അഗ്നിപർവതങ്ങൾ, കടൽത്തീരം, 50 ലേറെ ദ്വീപുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പദ്ധതി. പടിഞ്ഞാറൻ തുറമുഖ നഗരമായ യാമ്പുവിന് വടക്ക് ഉംലജ് മുതൽ അൽവജ് വരെയുള്ള പ്രദേശമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. തബൂക്ക് പ്രവിശ്യയിലെ 200 കിലോമീറ്റർ കടൽത്തീരം വികസിപ്പിച്ചെടുക്കും. മൊത്തം 34,000 ചതുരശ്ര കിലോമീറ്റർ മേഖലയാകും ഇതിെൻറ പരിധിയിൽ വരിക. 50 ദ്വീപുകളിലും റിസോർട്ടുകളും ഉല്ലാസ കേന്ദ്രങ്ങളും സ്ഥാപിക്കും.
പബ്ലിക് ഇൻവെസ്റ്റ് ഫണ്ടാണ് പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്. ഭാഗിക സ്വയംഭരണാവകാശമുള്ള ഒരു സമിതിയാകും പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. ലോകത്തെ ഒട്ടുമിക്ക രാജ്യക്കാർക്കും വിസയില്ലാതെ തന്നെ സന്ദർശിക്കാമെന്നതാണ് പ്രധാന പ്രത്യേകത. സുരക്ഷിതവും ലോകോത്തര നിലവാരമുള്ളതുമായ വിനോദ സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നത്.
2019 മധ്യത്തിലാകും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുക. 2022 ൽ ആദ്യഘട്ടം പൂർത്തിയാകും. പ്രത്യേക വിമാനത്താവളം, തുറമുഖം, ഹോട്ടലുകൾ, ആഡംബര റെസിഡൻഷ്യൽ യൂനിറ്റുകൾ, ഗതാഗത സംവിധാനങ്ങൾ, േബാട്ടുകൾ, സീപ്ലെയ്നുകൾ എന്നിവയുടെ പൂർത്തീകരണം ആദ്യഘട്ടത്തിെൻറ ഭാഗമാണ്. രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ എണ്ണ ആശ്രിതത്വത്തിൽ നിന്ന് മോചിപ്പിക്കാൻ ലക്ഷ്യംവെക്കുന്ന വിഷൻ 2030 െൻറ ഭാഗമാണിതും. മൊത്തം 35,000 തൊഴിൽ അവസരങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.
നിർമല തീരം; ചരിത്രമുറങ്ങുന്ന താഴ്വരകൾ
ജിദ്ദ: യൂറോപ്യൻ രാജ്യമായ ബെൽജിയത്തേക്കാൾ വലിപ്പമുള്ള മേഖലയിലാണ് ചെങ്കടൽ പദ്ധതി സ്ഥാപിക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും നിർമലമായ കടൽത്തീരങ്ങളിലൊന്നാണ് സൗദിയുടെ പടിഞ്ഞാറ് ചെങ്കടൽ തീരം. സ്കൂബ ഡൈവിങ്ങിന് അനുയോജ്യമായ ഇടം. വൈവിധ്യമാർന്ന ആവാസ വ്യവസ്ഥ നിലനിൽക്കുന്ന സമുദ്രാന്തർഭാഗം. പവിഴപ്പുറ്റുകളും സമുദ്രസസ്യങ്ങളും നിറഞ്ഞ അടിത്തട്ടിലേക്കുള്ള ഡൈവിങ്ങ് ഇവിടത്തെ പ്രധാന വിനോദങ്ങളിലൊന്നാണ്.
ഉംലജ് മുതൽ അൽവജ് വരെയുള്ള മേഖലയിൽ ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന 50 ഒാളം ദ്വീപുകളാണ് പ്രധാന ആകർഷണം. ഇവിടെ റിസോർട്ടുകളും ജലവിനോദ സംവിധാനങ്ങളും സ്ഥാപിക്കും. ലോകോത്തര ഹോട്ടൽ ശൃംഖലകളും ഇവിടെയെത്തും. പ്രകൃതി, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയാകും പദ്ധതി നടപ്പാക്കുകയെന്ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ഉൗന്നിപ്പറയുന്നു. ഇക്കാര്യം ഉറപ്പാക്കാൻ സന്ദർശകരുടെ എണ്ണം കൃത്യമായി നിജപ്പെടുത്തും. കാർബൺ ബഹിർഗമനം, മാലിന്യ നിർമാർജനം, ശബ്ദ, വെളിച്ച മലിനീകരണം എന്നിവയിൽ കർക്കശ നിലപാടുണ്ടാകും.
മേഖലയിൽ അഗ്നിപർവതങ്ങളും പദ്ധതിയുടെ ഭാഗമാണ്. 17 ാം നൂറ്റാണ്ടുവരെ സജീവമായിരുന്ന അഗ്നിപർവതങ്ങൾ ഇവിടെയുണ്ട്. വന്യജീവികളുടെ കാര്യത്തിലും വൈവിധ്യമുണ്ട്. അറേബ്യൻ പുള്ളിപ്പുലി, അറേബ്യൻ ചെന്നായ, കാട്ടുപൂച്ച, പ്രാപ്പിടിയൻ എന്നിവ സംരക്ഷിതപ്രദേശങ്ങളിലെ ചില ജീവികൾ മാത്രം. മദാഇൻ സ്വാലിഹിലെ പൗരാണിക ശേഷിപ്പുകളും പദ്ധതിയിലുണ്ട്. സൗദിയിലെ ആദ്യത്തെ യുനെസ്കോ ലോക പൈതൃക സ്ഥാനമായ മദാഇൻ സ്വാലിഹിെൻറ ചരിത്രപ്രാധാന്യവും നിർമാണചാതുരിയും ഇപ്പോൾ തന്നെ വലിയ തോതിൽ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
തുറക്കുന്നത് വലിയ തൊഴിൽ സാധ്യതകൾ
ജിദ്ദ: സൗദിഅറേബ്യയുടെ തൊഴിൽ മേഖലയിൽ വലിയ സാധ്യതകൾ തുറക്കുന്നതാണ് െചങ്കടൽ പദ്ധതി. പ്രത്യക്ഷത്തിൽ 35,000 ലേറെ പേർക്ക് ഇവിടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. വിഷൻ 2030 െൻറ പ്രധാന ലക്ഷ്യങ്ങളിലൊന്ന് തന്നെ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുകയാണ്. പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ വരുമാനം വർധിപ്പിക്കാനും ഇതുവഴി കഴിയും. പ്രതിവർഷം സൗദിയുടെ വാർഷിക ആഭ്യന്തര ഉൽപാദന വളർച്ചയിൽ 15 ശതകോടി റിയാലിെൻറ സംഭാവന നൽകാനും സാധിക്കും. 2035 ഒാടെ ദശലക്ഷം സന്ദർശകരെയാണ് ഒരുവർഷത്തിൽ പ്രതീക്ഷിക്കുന്നത്.
വിസരഹിത വിനോദസഞ്ചാരം
ജിദ്ദ: വിസയില്ലാതെ തന്നെ സന്ദർശകർക്ക് എത്താമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണങ്ങളിെലാന്ന്. ലോകത്തെ ഒട്ടുമിക്ക രാജ്യക്കാർക്കും വിസ കൂടാതെ തന്നെ ഇവിടത്തെ വിമാനത്താവളത്തിലും തുറമുഖത്തും ഇറങ്ങാം. അല്ലാത്ത രാജ്യക്കാർക്ക് യാത്രക്ക് മുമ്പ് ഒാൺൈലനിൽ വിസ നേടാം. സന്ദർശകരുടെ സുരക്ഷക്കാണ് മുൻഗണന. അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും. കുടുംബമായി സന്ദർശിക്കുന്നവരുടെ സൗകര്യങ്ങൾക്ക് പ്രത്യേക പരിഗണനയും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.