ജിദ്ദ: സൗദി-തുർക്കിയ ബിസിനസ് ഫോറത്തിൽ 2.3 ശതകോടി റിയാലിന്റെ 16 കരാറുകളിൽ ഒപ്പുവെച്ചു. സൗദി മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽഹുഖൈയ്ൽ, തുർക്കിയ വാണിജ്യ മന്ത്രി ഉമർ ബുലാത് എന്നിവരുടെ സാന്നിധ്യത്തിൽ ഇസ്തംബൂളിലാണ് ബിസിനസ് ഫോറം സമ്മേളനം നടന്നത്. റിയൽ എസ്റ്റേറ്റ് വികസനം, നിർമാണം, എൻജിനീയറിങ് കൺസൾട്ടൻസി തുടങ്ങിയ മേഖലകളിലും മറ്റ് നിരവധി നിക്ഷേപ മേഖലകളിലുമായാണ് ഇത്രയും കരാറുകൾ ഒപ്പുവെച്ചത്.
സൗദിയിലും തുർക്കിയിലും നിക്ഷേപ അവസരങ്ങൾ, നഗര വികസനം, നിർമാണം, റിയൽ എസ്റ്റേറ്റ് വികസനം, സ്മാർട്ട് സിറ്റികൾ എന്നീ മേഖലകളിൽ തുർക്കിയ വ്യവസായികളുടെയും നിക്ഷേപകരുടെയും കമ്പനികളുടെയും പങ്കാളിത്തത്തോടെ ആശയവിനിമയവും ഫോറത്തിൽ നടന്നു. മുനിസിപ്പൽ, ഭവന മേഖലകളിൽ സഹകരണവും സംയുക്ത പ്രവർത്തനവും മെച്ചപ്പെടുത്താനും വിജയകരമായ അനുഭവങ്ങൾ കൈമാറാനുമുള്ള അവസരമാണ് ഫോറം എന്ന് സൗദി ഭവന മന്ത്രി മാജിദ് അൽഗുഖൈൽ പറഞ്ഞു. സൗദി അറേബ്യ വിവിധ സാമ്പത്തിക, വികസന മേഖലകളിൽ ഗുണപരമായ പുരോഗതിക്ക് സാക്ഷ്യം വഹിക്കുകയാണ്.
വിഷൻ 2030ന്റെ ലക്ഷ്യത്തിലെത്താൻ മുനിസിപ്പൽ, ഭവന മേഖലകളിലും നിരവധി പദ്ധതികളുണ്ട്. റിയൽ എസ്റ്റേറ്റ് വികസനം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള ആഗ്രഹം സമ്മേളനത്തിൽ മന്ത്രി പ്രകടിപ്പിച്ചു.
സൗദിയിൽ വിവിധങ്ങളായ നിക്ഷേപ അവസരങ്ങളുണ്ട്. നിക്ഷേപകർക്ക് ആകർഷകമായ അന്തരീക്ഷം രാജ്യം വാഗ്ദാനം ചെയ്യുന്നു. മൂന്ന് ലക്ഷം ഭവന യൂനിറ്റുകൾ നിർമിക്കാൻ തുടങ്ങിയിട്ടുണ്ട്. 100 ശതകോടി റിയാലിലധികം നിക്ഷേപ മൂല്യമുള്ള ഈ പദ്ധതി 15 കോടി ചതുരശ്ര മീറ്ററിലാണ് നടപ്പാക്കുന്നത്. രാജ്യത്തെ റിയൽ എസ്റ്റേറ്റ് വികസനത്തിൽ നിക്ഷേപം നടത്താൻ എല്ലാ തുർക്കിയ കമ്പനികളോടും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.