സൗദിയിൽ ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർക്കും അപകടകരമായ ഗർഭധാരണമുള്ളവർക്കും വാക്സിൻ എടുക്കുന്നത് നീട്ടിവെക്കാൻ ഇളവ്

ജിദ്ദ: സൗദിയിൽ കോവിഡ് വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ നിന്നും ഇളവ് നൽകിയ വിഭാഗങ്ങളുടെ എണ്ണം കൂടി. ഫൈസർ, മോഡേണ വാക്സിനുകളിലെ ഘടകങ്ങളായ പോളിയെത്തിലീൻ ഗ്ലൈക്കോൾ (പി.ഇ.ജി), ആസ്ട്ര സെനിക വാക്സിനിലെ പോളിസോർബേറ്റ് എന്നിവയുടെ കാരണത്താൽ ഒന്നാം ഡോസ് എടുത്തതിനെത്തുടർന്ന് കടുത്ത ആരോഗ്യ പ്രശ്നമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് രണ്ടാം ഡോസ് എടുക്കുന്നതിൽ ഇളവ് നൽകിയിട്ടുണ്ട്.

അർബുദം, വാദരോഗങ്ങൾ, ആവർത്തിച്ചുള്ള ഗർഭച്ഛിദ്രങ്ങൾക്ക് ശേഷമുള്ള അപകടകരമായ ഗർഭധാരണം എന്നിവർക്ക് വാക്സിൻ എടുക്കുന്നത് താൽക്കാലികമായി നീട്ടിവെക്കാനുള്ള ഇളവുണ്ട്. എന്നാൽ താൽക്കാലികമായ ഇളവ് ലഭിക്കണമെങ്കിൽ ഇവർക്ക് മൂന്ന് മുതൽ ആറ് വരെ മാസങ്ങൾ കോവിഡ് വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ നിന്നും ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള അംഗീകൃത ഡോക്ടർമാരുടെ റിപ്പോർട്ട് നിർബന്ധമെന്നും അധികൃതർ അറിയിച്ചു.

കോവിഡിനെതിരെയുള്ള വാക്സിൻ കുത്തിവെപ്പെടുക്കാൻ മറ്റു രോഗങ്ങൾ കൊണ്ട് തടസ്സമുള്ളവർക്ക് സ്ഥാപനങ്ങളിലും മാളുകളിലും മറ്റും പ്രവേശിക്കുന്നതിനുള്ള നിർബന്ധിത വാക്സിനേഷനിൽ നിന്ന് ഇളവ് നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അംഗീകൃത മെഡിക്കൽ റിപ്പോർട്ട് പ്രകാരം അലർജി പോലുള്ള അസുഖങ്ങൾ കാരണം വാക്സിൻ സ്വീകരിക്കാൻ പ്രയാസമുള്ളവർക്കായിരുന്നു നേരത്തെ ഇളവ് നൽകിയിരുന്നത്. ഇത്തരക്കാർ തങ്ങളുടെ ആരോഗ്യ സ്ഥിതിവിവരങ്ങൾ അടങ്ങിയ രേഖകൾ സഹിതം Exempt@moh.gov.sa എന്ന ഈമെയിലിലേക്ക് അപേക്ഷ അയക്കണം. അംഗീകാരം കിട്ടുന്ന മുറപ്രകാരം ഇവർക്ക് ഇളവ് ലഭിക്കും.

വിവിധ രോഗങ്ങൾക്ക് ചികിത്സക്കായി ആശുപത്രികളിലും മെഡിക്കൽ ഫാർമസികളിലേക്കും പ്രവേശിക്കുന്നതിനും വാക്സിൻ കുത്തിവെപ്പെടുക്കണമെന്ന നിബന്ധനയിൽ ഇളവുണ്ട്. ഇളവ് നൽകിയവരുടെ സ്റ്റാറ്റസും തവക്കൽന ആപ്പിൽ അപ്ഡേറ്റ് ആവുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് മുൻകൂർ ഇളവ് ലഭിച്ചവർക്ക് 'ഒഴിവാക്കപ്പെട്ടത്' (Exemption) എന്ന പേരിലായിരിക്കും തവക്കൽന ആപ്പിൽ സ്റ്റാറ്റസ് ലഭിക്കുക. പച്ച കളറിൽ രേഖപ്പെടുത്തുന്ന ഇത് 'ഇമ്മ്യൂൺ' സ്റ്റാറ്റസായി തന്നെയായിരിക്കും പരിഗണിക്കുകയെന്ന് തവക്കൽന ആപ്ലിക്കേഷൻ നേരത്തെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.