റിയാദ്: യമനിലെ സമാധാന പ്രക്രിയയെ പിന്തുണക്കുന്നതിനായി യു.എൻ മാർഗനിർദേശങ്ങളെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ യോഗം സ്വാഗതം ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിൽ സമഗ്രവും ശാശ്വതവുമായ ഒരു രാഷ്ട്രീയ പരിഹാര ചർച്ചയിൽ ഏർപ്പെടാൻ യമനിലെ കക്ഷികളെ പ്രോത്സാഹിപ്പിക്കാനും യമൻ ജനതയെ പിന്തുണക്കാൻ പ്രവർത്തിക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
യോഗത്തിൽ പ്രാദേശിക അന്തർദേശീയ സംഭവവികാസങ്ങളും ചർച്ച ചെയ്തു. ഫലസ്തീൻ പ്രദേശങ്ങളിലെ സ്ഥിതിഗതികൾക്ക് പ്രത്യേക ശ്രദ്ധ നൽകിയായിരുന്നു ചർച്ച. ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാനുള്ള യു.എൻ രക്ഷാസമിതിയുടെ തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഗസ്സയിൽ സിവിലിയന്മാർക്കെതിരെ ഇസ്രായേൽ അധിനിവേശ ശക്തികൾ നടത്തുന്ന ആസൂത്രിത മനുഷ്യാവകാശലംഘനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നടപ്പുവർഷത്തെ സാമ്പത്തിക ഫലങ്ങളും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്ന വികസന പദ്ധതികളും പരിപാടികളും മന്ത്രിസഭ അവലോകനം ചെയ്തു. 2023ലെ ഡിജിറ്റൽ പരിവർത്തന മാനദണ്ഡ സൂചികയിൽ സർക്കാർ ഏജൻസികൾ രേഖപ്പെടുത്തിയ പുരോഗതിയെ യോഗം പ്രശംസിച്ചു. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും മത്സരശേഷി വർധിപ്പിക്കുന്നതിനും ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമുള്ള നടപടികൾക്ക് മികച്ച പിന്തുണ നൽകുന്നതായി മന്ത്രിസഭ അറിയിച്ചു. ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ടെലികമ്യൂണിക്കേഷന്റെ കണക്കനുസരിച്ച് 2023ലെ ഐ.സി.ടി വികസന സൂചികയിൽ ജി20 രാജ്യങ്ങളിൽ രാജ്യം രണ്ടാം സ്ഥാനത്തെത്തിയതായി മന്ത്രിസഭ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.