സൗദിയുടെ മൊത്തവില സൂചികയിൽ 6.8 ശതമാനം വർധന

ബുറൈദ: സൗദിയുടെ മൊത്തവില സൂചികയിൽ (ഡബ്ലിയു.പി.ഐ) കഴിഞ്ഞ വർഷം ജൂലൈ മസത്തേക്കാൾ 6.8 ശതമാനം വർധന. എന്നാൽ ഇത് ഇക്കൊല്ലം ജൂൺ മാസത്തെ മൊത്തവില നിരക്കിനെക്കാൾ 8.1 ശതമാനം കുറവാണെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

യന്ത്രസാമഗ്രികളുടെ വിലയിൽ ഏറ്റവും ഉയർന്ന നിരക്കാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്. ഭാരം കൂടിയ ലോഹ ഉൽപന്നങ്ങൾക്ക് അഞ്ച് ശതമാനം വരെ വില ഉയർന്നതാണ് കാരണം. ഇത് മൂലം പൊതു ആവശ്യത്തിനുള്ള യന്ത്രോപകരണങ്ങൾക്ക് അഞ്ച് ശതമാനം വില വർധിച്ചിട്ടുണ്ട്.

അടിസ്ഥാന രാസവസ്തുക്കളുടെ വില 19.3 ശതമാനവും പെട്രോളിയം ഉൽപന്നങ്ങളുടെ വില 3.5 ശതമാനവും വർധിച്ചതിനാൽ ഗതാഗത സംബന്ധിയായ വസ്തുക്കൾക്ക് 5.7 ശതമാനം വില കൂടി. ഭക്ഷ്യ ഉത്പന്നങ്ങൾ, പാനീയങ്ങൾ, പുകയില, തുണിത്തരങ്ങൾ എന്നിവയുടെ വില 9.1 ശതമാനം വരെ ഉയർന്നിട്ടുണ്ട്. മാംസം, മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ, പാചക എണ്ണകൾ, കൊഴുപ്പുകൾ എന്നിവയുടെ വിലയിൽ 23.1 ശതമാനം വരെയും ധാന്യ ഉൽപന്നങ്ങളുടെ വില 5.9 ശതമാനം വരെയും വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

കാർഷിക, മത്സ്യബന്ധന ഉൽപന്നങ്ങളുടെ വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അടിസ്ഥാന ലോഹങ്ങളുടെ മൊത്തവില 0.9 ശതമാനം കുറഞ്ഞതിനാൽ അതുകൊണ്ട് നിർമിക്കുന്ന യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കല്ല്, മണൽ, അയിരുകൾ, ധാതുക്കൾ എന്നിവയുടെ എന്നിവയുടെ വിലയിലും നേരിയ കുറവുണ്ട്.

റിപ്പോർട്ട് അനുസരിച്ച് ഇക്കൊല്ലം ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ മൊത്തവില സൂചികയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ മൊത്തവില്പന കേന്ദ്രങ്ങളിൽ നിന്നുള്ള നടപ്പുവില അവലംബിച്ചാണ് അതോറിറ്റി റിപ്പോർട്ട് തയാറാക്കുന്നത്.

Tags:    
News Summary - Saudi Wholesale Price Index up by 6.8% in July

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.