റിയാദ്: ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന സുഡാനിൽനിന്നുള്ള ഒഴിപ്പിക്കൽ പ്രക്രിയ തുടരവേ ജിദ്ദയിൽ എത്തിയവർക്ക് ചികിത്സ നൽകിയും യാത്രാനടപടികൾ സുഗമമാക്കിയും സൗദി അറേബ്യ. കഴിഞ്ഞ ദിവസങ്ങളിൽ ജിദ്ദ തുറമുഖത്ത് എത്തിച്ചേർന്ന രോഗബാധിതനായ ഇന്ത്യക്കാരനടക്കമുള്ളവർക്ക് അടിയന്തര ചികിത്സ നൽകിയ അധികൃതർ ഇവരിലൊരാളെ വിദഗ്ധ ചികിത്സക്കായി കിങ് ഫഹദ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ അംബാസഡർ സുഹേൽ അജാസ് ഖാന്റെ സാന്നിധ്യത്തിലാണ് ഇന്ത്യക്കാരന് ചികിത്സ നൽകിയതും ആരോഗ്യമന്ത്രാലയ വൈദ്യസംഘം ആശുപത്രിയിലേക്ക് മാറ്റിയതും.
ഇതിനിടെ സുഡാനിൽനിന്ന് ഒഴിപ്പിച്ച് ജിദ്ദയിലെത്തിക്കുന്ന വിദേശ പൗരന്മാരുടെ സൗദി പ്രവേശനവും സ്വരാജ്യങ്ങളിലേക്കുള്ള അവരുടെ മടക്കവും സുഗമമാക്കുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് (ജവാസത്) നടപടിക്രമങ്ങൾ ലളിതമാക്കി. പാസ്പോർട്ട്, എൻട്രി വിസ എന്നിവയില്ലാതെ സുഡാനിൽനിന്ന് രാജ്യത്തെത്തുന്നവരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് സുഗമമാക്കിയത്. അതത് രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച് അവരെ സ്വദേശങ്ങളിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടപടി പൂർത്തിയാക്കിയ ഇന്ത്യക്കാരുടെ ആദ്യസംഘം ബുധനാഴ്ച നാട്ടിലെത്തിയിരുന്നു. ജവാസത് ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ സുലൈമാൻ അൽ യഹ്യ നേരിട്ടാണ് നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.
വ്യാഴാഴ്ച ഉച്ചവരെ 119 സ്വദേശികളടക്കം 2544 പേരെയാണ് സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒഴിപ്പിച്ച് ജിദ്ദയിലെത്തിച്ചത്. നെതർലൻഡ്സ്, റഷ്യ, ലബനാൻ, നോർവേ, അമേരിക്ക, തുർക്കിയ, സെർബിയ, പോളണ്ട്, ജർമനി, ഇന്ത്യ, ജോർജിയ, തായ്ലൻഡ്, ബംഗ്ലാദേശ്, സ്വീഡൻ, ഉസ്ബകിസ്താൻ, ബ്രിട്ടൻ അയർലൻഡ്, കെനിയ, ഫിലിപ്പീൻസ്, ഇത്യോപ്യ, അർമേനിയ, നൈജീരിയ, കസാഖ്സ്താൻ, പരാഗ്വേ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരെയാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി വിവിധ കപ്പലുകളിൽ സൗദി അറേബ്യ ഒഴിപ്പിച്ചത്.
ഇതിനിടെ സൗദിയുടെ ശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തി കൂടുതൽ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങൾ സന്ദേശം അയക്കുന്നത് തുടരുകയാണ്. ഏറ്റവും പ്രയാസകരമായ സമയത്ത് സൗദി അറേബ്യ നടത്തിയ ഒഴിപ്പിക്കലിനും തങ്ങളുടേതുൾപ്പെടെയുള്ള വിദേശ പൗരന്മാർക്ക് നൽകിയ സേവനത്തിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നന്ദിയുണ്ടെന്ന് സൗദിയിലെ ബ്രിട്ടൻ അംബാസഡർ നീൽ ക്രോംപ്ടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.