യാംബു: സൗദി യുവതി നടത്തുന്ന മൊബൈൽ ഭക്ഷണശാലക്ക് തീപിടിച്ചു. യാംബു ടൗൺ ഷറം ബീച്ചിനടുത്ത് ഞായറാഴ്ച രാവിലെയാണ് സഞ്ചരിക്കുന്ന ലഘുഭക്ഷണശാലക്ക് തീപിടിച്ചത്.
സൗദി യുവതികൾക്ക് സ്വയംതൊഴിൽ കണ്ടെത്താൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബീച്ചുകളിലും തുടക്കംകുറിച്ച മൊബൈൽ ഭക്ഷണശാല പദ്ധതിയിൽ ഉൾപ്പെട്ട ഒന്നാണ് ഇത്.
വെള്ളിയാഴ്ചയാണ് സൗദി യുവതി ഈ ഫുഡ് ട്രക്ക് ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത്. ലഘുഭക്ഷണ നിർമാണത്തിനായി സ്റ്റൗവ് ഉപയോഗിക്കുന്നതിനിടയിൽ ഉണ്ടായ ഗ്യാസ് ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. കച്ചവടം നടത്തി ലഭിച്ച പണവും വിവിധ വസ്തുക്കളും ഭക്ഷണസാധനങ്ങളും തീപിടിത്തത്തിൽ നശിച്ച് ചാരമായി. സിവിൽ ഡിഫൻസ് വിഭാഗവും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. തീപിടിത്തം കാരണം തെൻറ ഉപജീവന മാർഗമാണ് മുടങ്ങിയതെന്നും മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അഞ്ചുകുട്ടികളുടെ മാതാവുകൂടിയായ സൗദി യുവതി പറഞ്ഞു.
സൗദി യുവതികളുടെ സാമൂഹികോന്നമനത്തിനും സ്വയംതൊഴിൽ കണ്ടെത്താനും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ രാജ്യത്തെ മുനിസിപ്പാലിറ്റികളാണ് ലഘുഭക്ഷണ സാധനങ്ങളും പാനീയങ്ങളും വിതരണം ചെയ്യുന്ന മൊബൈൽ യൂനിറ്റുകൾ അനുവദിച്ചത്. ആരോഗ്യ സുരക്ഷാ ചട്ടങ്ങളും കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങളും പാലിക്കുന്നത് പൂർണമായി ഉറപ്പുവരുത്തിയാണ് അനുമതി നൽകുന്നത്.
വാഹനങ്ങളിൽ ഇത്തരം കച്ചവടം നടത്തുന്നവർ സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിൽ ഏറെ ജാഗ്രത കാണിക്കണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. കത്തിനശിച്ച ഫുഡ് ട്രക്ക് ഉടമയായ യുവതിക്ക് മറ്റൊരു ട്രക്ക് നൽകാൻ യാംബു ഗവർണർ സഹദ് ബിൻ മർസൂഖ് അൽ സുഹൈമി മുനിസിപ്പാലിറ്റിയുടെ സോഷ്യൽ സർവിസ് അസോസിയേഷന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.