ജിദ്ദ: സൗദിയിൽ പുരുഷന്മാരെ പോലെ വനിതകൾക്കും രാജ്യത്ത് വിനോദ സഞ്ചാരികൾക്കായി യാത്രകൾ സംഘടിപ്പിക്കാൻ അനുവദിക്കുന്ന പുതിയ ചട്ടങ്ങൾ നിലവിൽവന്നു.കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന ചട്ടങ്ങൾ സ്ത്രീശാക്തീകരണത്തിനായുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണ്. ഇതോടെ പുരുഷന്മാർ മാത്രം കൈകാര്യം ചെയ്യുന്ന ഈ രംഗത്ത് കൂടുതൽ വനിതകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സൗദിയിലെ നിയമമനുസരിച്ച് സ്വദേശികളായ പുരുഷന്മാർക്കോ സ്ത്രീകൾക്കോ നിയമപ്രകാരം സാധുവായ ലൈസൻസുള്ള വിദേശ നിക്ഷേപകനോ മാത്രമേ ടൂർ ഓപ്പറേഷന് അനുവാദമുള്ളൂ.
ഇവർക്ക് ടൂറിസം യാത്രകൾ സംഘടിപ്പിക്കാനും പ്രത്യേക നിരക്കുകൾ ഈടാക്കി രാജ്യത്തിനകത്തോ പുറത്തോ തങ്ങളുടെ സേവനങ്ങൾ വിപണനം നടത്താനും അനുവാദമുണ്ട്.കാർ വാടകക്ക് നൽകൽ, വിനോദസഞ്ചാരികൾക്കായി താമസ സൗകര്യമൊരുക്കൽ, വിനോദസഞ്ചാര കേന്ദ്രങ്ങളൊരുക്കലും പരിപാലനവും, ഇൻഷുറൻസ് ഒരുക്കൽ എന്നിവയാണ് ടൂർ ഓപ്പറേറ്റർമാർക്ക് അനുവദിച്ചിരിക്കുന്ന സേവനങ്ങൾ. പുതിയ നിയമമനുസരിച്ച് ടൂർ സംഘാടകർക്കും വിനോദ സഞ്ചാരികൾക്കും യാത്രക്കാർക്കും ഇൻഷുറൻസ് പോളിസികൾ ഉണ്ടായിരിക്കണമെന്ന് സൗദി ടൂറിസം മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്.
സൈനിക കേന്ദ്രങ്ങൾ, അതിർത്തി, കസ്റ്റംസ്, സ്വകാര്യ മേഖലകൾ ഉൾപ്പെടെ എവിടെ വിനോദ സഞ്ചാര പരിപാടികൾ സംഘടിപ്പിക്കണമെങ്കിലും ആവശ്യമായ മുൻകൂർ അനുമതി ഉണ്ടായിരിക്കണമെന്നും ഇത്തരം പരിപാടികളിൽ ഫോട്ടോ എടുക്കുന്നത് വിലക്കിയിട്ടുണ്ടെന്നും ടൂറിസം മന്ത്രാലയം നിഷ്കർഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.