ജിദ്ദ: സൗദിയിൽ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി), ടെലികമ്യൂണിക്കേഷൻ മേഖലയിലെ ജോലികൾ സ്വദേശിവത്കരിക്കുന്ന നടപടികൾക്ക് തുടക്കം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പാകുന്നതോടെ നിരവധി വിദേശികൾക്കാണ് ജോലി നഷ്ടപ്പെടുക. ചെറുകിട സ്ഥാപനങ്ങളൊഴികെ അഞ്ചോ, അതിൽ കൂടുതലോ ജോലിക്കാരുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാകുന്നത്.
ഒരോ വിഭാഗം ജോലികളിലും 25 ശതമാനം സ്വദേശിവത്കരിക്കാനാണ് നീക്കം. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ വിവിധ എൻജിനീയറിങ് തസ്തികകൾ, ആപ്ലിക്കേഷൻ ഡെവലപ്മെൻറ് പ്രോഗ്രാമിങ് - അനാലിസിസ് ജോലികൾ, ടെക്നിക്കൽ സപ്പോർട്ട് ജോലികൾ, ടെലികോം മേഖലയിലെ ടെക്നിക്കൽ തസ്തികകൾ എന്നിവയിലാണ് 25 ശതമാനം സ്വദേശിവത്കരണം. ഇത്തരം തസ്തികകളിൽ 60 ശതമാനവും വൻകിട സ്ഥാപനങ്ങളിലാണെന്നാണ് വിലയിരുത്തൽ. ആശയവിനിമയ, വിവരസാേങ്കതിക മേഖലയിൽ 9,000 തൊഴിലവസരങ്ങൾ സ്വദേശികൾക്ക് വേണ്ടി ഒരുക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
പ്രത്യേക പ്രഫഷനലുകൾക്ക് 7,000 റിയാലും ടെക്നീഷ്യന്മാർക്ക് 5,000 റിയാലുമാണ് അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. 2020 ഒക്ടോബറിലാണ് സ്വകാര്യമേഖലയിലെ ആശയവിനിമയ, വിവരസാേങ്കതിക ജോലികൾ സ്വദേശിവത്കരികാനുള്ള തീരുമാനം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജിഹി പ്രഖ്യാപിച്ചത്. ജൂൺ 27 മുതൽ (ദുൽഖഅ് 17) ഇത് നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിനായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുമായി മാനവ വിഭവശേഷി മന്ത്രാലയം കരാർ ഒപ്പിടുകയും ചെയ്തു. സ്വദേശികളായ യുവതീ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ തുടർച്ചയായാണ് ഐ.ടി, ടെലികോം മേഖലകളിലെ സ്വദേശിവത്കരണം.
30ഒാളം തൊഴിലുകൾ സ്വദേശിവത്രിക്കുന്നതിലൂടെ എ.ടി ബിരുദധാരികളായ സ്വദേശികൾക്ക് സ്വകാര്യ മേഖലകളിൽ അനുയോജ്യമായ തൊഴിലവസരമൊരുക്കുകയും സ്വകാര്യ മേഖലയിലേക്ക് അവരെ ആകർഷിക്കുകയും സ്വകാര്യ മേഖലയുടെ വികസനത്തിൽ അവരുടെ പങ്കാളിത്തം ഉപയോഗപ്പെടുത്തുകയാണ് മാനവവിഭവ ശേഷി മന്ത്രാലയം ലക്ഷ്യമിടുന്നത്. പുതിയ തീരുമാനവും അത് നടപ്പാക്കുന്ന രീതിയും വിശദീകരിക്കുന്ന മാർഗനിർദേശങ്ങൾ മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.