മദീന: രാജ്യത്തെ സ്കൂളുകൾക്ക് അർധവാർഷിക അവധിയായതോടെ മദീനയിലെത്തുന്ന സന്ദർശകരുടെ എണ്ണം കൂടി. അവധിക്കാലം മസ്ജിദുന്നബവിക്കടുത്ത് ചെലവഴിക്കാനും വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന ആഘോഷങ്ങളും പരിപാടികളും ആസ്വദിക്കാനും സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് മദീനയിലേക്ക് എത്തുന്നത്.
സന്ദർശകരുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത് മസ്ജിദുന്നബവിയുടെ ഏറ്റവും മുകൾത്തട്ട് നമസ്കരിക്കാനെത്തുന്നവർക്ക് കഴിഞ്ഞയാഴ്ച മുതൽ തുറന്നുകൊടുത്തിട്ടുണ്ട്. ആരോഗ്യ മുൻകരുതൽ നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. അർധവാർഷിക അവധിയോടനുബന്ധിച്ച് സ്വകാര്യ മേഖലയുമായി സഹകരിച്ച് മുനിസിപ്പാലിറ്റിക്കു കീഴിൽ വിനോദത്തിനും സർഗാത്മകതക്കും വേണ്ടി ഇത്തവണയും വിവിധ പരിപാടികളും എക്സിബിഷനുകളുമാണ് ഒരുക്കിയത്.
മസ്ജിദുൽ ഖുബാഅ്ന് സമീപം എല്ലാ പ്രായത്തിലുമുള്ളവർക്കായി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയത്. ജനപ്രിയ പൈതൃക പരിപാടികളും പ്രദർശനവും സ്ഥലത്ത് നടന്നുവരുകയാണ്. സന്ദർശകരടക്കം നിരവധി പേരാണ് സ്ഥലത്തെ ഒാരോ പരിപാടികളും കാണാനെത്തുന്നത്. രണ്ടാമത് 'മിക്ശാത്'എക്സിബിഷൻ ശ്രദ്ധേയമാണ്.
യാത്രാവേളയിൽ ആവശ്യമായ പുതിയതും പുതുമയാർന്നതുമായ ഉപകരണങ്ങളുടെ പ്രദർശനമാണത്. പ്രമുഖ കമ്പനികൾക്കു കീഴിലെ തമ്പുകൾ, ഫിഷിങ് ഉപകരണങ്ങൾ തുടങ്ങിയവ പ്രദർശനത്തിലുണ്ട്. വൈവിധ്യമാർന്ന മറ്റു വിനോദപരിപാടികളും പ്രദർശനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കിങ് ഫഹദ് പാർക്കിലെ 'ഇക്വസ്ട്രിയൻ മൈതാനത്ത്'രുചികളുടെ ആഘോഷമെന്ന പേരിൽ വിവിധ ഇനം ഭക്ഷ്യവിഭവങ്ങളുടെ പ്രദർശന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ചു മുതലാണ് ഇവിടെ പരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.