ശൈഖ് അബ്​ദുല്ല മലൈബാരിയുടെ മരണം മലയാളികൾക്ക് നൊമ്പരമായി

മക്ക: കേരളത്തിൽ തായ്​വേരുകളുള്ള മക്കയിലെ സൗദി പൗരന്മാരായ നൂറുകണക്കിന് മലൈബാരി കുടുംബങ്ങളുടെ കാരണവർ ശൈഖ് അബ്​ദുല്ല മലൈബാരിയുടെ മരണം മലയാളികൾക്ക് നൊമ്പരമായി. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്​ച മക്കയിലാണ്​ മരിച്ചത്​. പ്രവാസി മലയാളി സമൂഹവുമായി അദ്ദേഹം വളരെ അടുപ്പം പുലർത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് മലപ്പുറം കൊണ്ടോട്ടിയില്‍നിന്ന് മക്കയിലെത്തി അവിടെ സ്ഥിരതാമസമാക്കിയ മുഹ്​യുദ്ദീന്‍ കോമു മലൈബാരിയുടെ മകനായി മക്കയില്‍ തന്നെ ജനിച്ചുവളര്‍ന്ന ശൈഖ് അബ്​ദുല്ല മലൈബാരി അറിയപ്പെട്ടിരുന്നത് 'ഖുബ്ബ' എന്ന പേരിലായിരുന്നു.

34 വര്‍ഷം അധ്യാപകനായിരുന്ന ഇദ്ദേഹം 11 വര്‍ഷം മുമ്പ്​ സര്‍വീസില്‍നിന്ന് വിരമിച്ചു. തുടര്‍ന്ന് മക്കയിലെ മലൈബാരി മദ്രസയുടെ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. 1921ലെ മലബാര്‍ കലാപത്തെതുടര്‍ന്നും ശേഷവും മലപ്പുറത്തുനിന്ന് മക്കയിലെത്തി സ്ഥിരതാമസമാക്കിയ 18 മലൈബാരികള്‍ സ്ഥാപിച്ച ഈ മദ്രസയുടെ കീഴില്‍ മക്കയിലെ പ്രധാന പള്ളികളില്‍ തഹ്ഫീദുല്‍ ഖുര്‍ആന്‍ കേന്ദ്രങ്ങള്‍ നടത്തുന്നതിനും മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചിരുന്നത് ശൈഖ് അബ്​ദുല്ല മലൈബാരിയായിരുന്നു. മക്കയിലും ജിദ്ദയിലുള്ള നിരവധി മലയാളികളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുകയും മലയാളികളെ എവിടെ വെച്ച് കണ്ടാലും 'എന്താ ബര്‍ത്താനം, സുഖം തന്നെ അല്ലേ' എന്ന നാടൻഭാഷയിൽ വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. ഹജ്ജ് വേളയിൽ മലയാളി തീർഥാടകർ ഉള്ള മുതവഫുകളിൽ ഇദ്ദേഹത്തി​െൻറ സേവനം തീർഥാടകർക്ക് വലിയ സഹായകരമായിരുന്നു. എല്ലാ വർഷവും റമദാൻ മാസത്തിൽ ഒരു ദിവസം മലൈബാരി മദ്രസയിൽ മലയാളികളെ ഒരുമിച്ചുകൂട്ടി ഇഫ്താർ പാർട്ടി നടത്താറുണ്ടായിരുന്നു.

മക്കയിലെ സൗദി പൗരന്മാരായ മലൈബാരികൾ ജിദ്ദ ഗുഡ് വിൽ ഗ്ലോബൽ ഇനീഷ്യേറ്റ് അംഗങ്ങളോടൊപ്പം.

പരിസരത്തുള്ള മറ്റു മലൈബാരി സൗദികളും അവരുടെ മക്കളുമെല്ലാം ഒരുമിച്ചുകൂടുന്ന ഈ സദസിൽ നാടൻ മലയാള ഭാഷയിൽ പരസ്പരം സംസാരിക്കുമായിരുന്നു. ഇതിനെല്ലാം നേതൃത്വം നൽകിയിരുന്നത് ശൈഖ് അബ്​ദുല്ല മലൈബാരി ആയിരുന്നു. മക്കയിലും ജിദ്ദയിലുമുള്ള ഇദ്ദേഹം ഉൾപ്പെടെ ഇത്തരത്തിലുള്ള മലൈബാരി സൗദി പൗരന്മാരെ ജിദ്ദയിലെ ഗുഡ് വിൽ ഗ്ലോബൽ ഇനീഷ്യേറ്റ് എന്ന കൂട്ടായ്മ നേരത്തെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ആദരിച്ചിരുന്നു. വിയോഗത്തിൽ മക്ക കെ.എം.സി.സി കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റിയും ഗുഡ് വിൽ ഗ്ലോബൽ ഇനീഷ്യേറ്റ് ജിദ്ദ കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.