റിയാദ്: സൗദിയിൽ സവാളയുടെ ദൗർലഭ്യതയും വിലക്കറ്റയവും കാരണം ജനങ്ങൾ പ്രയാസപ്പെടുേമ്പാൾ പൂഴ്ത്തിവെച്ച് കരിഞ്ചന്തയിൽ കൂടിയ വിലക്ക് വിൽക്കാനുള്ള നീക്കം തകർത്ത് വാണിജ്യ മന്ത്രാലയത്തിന്റെ ശക്തമായ നടപടി. രാജ്യമൊട്ടാകെ പലവ്യജ്ഞന വ്യാപാര മേഖലകളിലെ ഗോഡൗണും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് റെയ്ഡുകൾ വ്യാപകമാക്കി. ഇത്തരമൊരു പരിശോധനക്കിടെ വടക്കുപടിഞ്ഞാറൻ പട്ടണമായ തബൂക്കിലെ ഒരു ഗോഡൗണിൽനിന്ന് പൂഴ്ത്തിവെച്ച മൂന്ന് ടൺ സവാള കണ്ടെത്തി. അതു പിടിച്ചെടുത്ത് വാണിജ്യ വകുപ്പ് ബന്ധപ്പെട്ട കേന്ദ്രത്തിലേക്കു മാറ്റുകയും ഗോഡൗണിൽ നിയമലംഘകനായ തൊഴിലാളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉത്തരവാദികളായ ആളുകളെ കണ്ടെത്താൻ അന്വേഷണവും ആരംഭിച്ചു.
അടുത്ത നാളുകളിലാണ് സൗദിയിൽ പൊടുന്നനെ സവാളയുടെ ദൗർലഭ്യവും വിലക്കയറ്റവും അനുഭവപ്പെട്ടത്. എന്നാലിത് സൗദിയിലെ മാത്രം പ്രശ്നമല്ലെന്നും ആഗോള പ്രതിസന്ധിയാണെന്നും ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതൽ രാജ്യങ്ങളിൽ നിന്ന് സവാള ഇറക്കുമതി ചെയ്ത് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക വിളവെടുപ്പ് പൂർത്തിയാകുന്നതോടെ ഈ മാസം വിലയിൽ സ്ഥിരത കൈവരിക്കുമെന്നും ഫെഡറേഷൻ അറിയിച്ചിരുന്നു.
സൗദിയില്‍ സവാളക്ക് ക്ഷാമം അനുഭവപ്പെടാൻ സാധ്യതയില്ലെന്നും കഴിഞ്ഞ വർഷം 7,02,000 ടണ്‍ സവാളയാണ് രാജ്യത്തൊട്ടാകെ ഉപയോഗിച്ചതെന്നും അതിൽ 52 ശതമാനവും രാജ്യത്ത് തന്നെ വിളയിച്ചെടുത്തതാണെന്നും െഫഡറേഷൻ വ്യക്തമാക്കി. ശേഷിക്കുന്നവ മാത്രമാണ് മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തത്. ആഗോള തലത്തില്‍ ഉള്ളി വില ഉയർന്നതും സവാള കയറ്റിയയക്കുന്ന രാജ്യങ്ങളില്‍ ഉൽപാദനം കുറഞ്ഞതുമാണ് വിതരണ ശൃംഖലകളിൽ പ്രതിസന്ധിയുണ്ടാകാൻ കാരണം.
ഇതുമൂലം ചില രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കുള്ള സവാള ഇറക്കുമതി കുറഞ്ഞു. എന്നാൽപുതിയ ചില രാജ്യങ്ങളില്‍ നിന്നുകൂടി സവാള ഇറക്കുമതി ചെയ്യാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. കൂടാതെ പ്രാദേശികമായി കൃഷി ചെയ്യുന്ന സവാളയുടെ വിളവെടുപ്പ് വൈകാതെ ആരംഭിക്കും. അതോടെ ഈ മാസം സൗദി വിപണിയില്‍ സവാള വിലയില്‍ സ്ഥിരത കൈവരിക്കാനാകുമെന്നും പ്രതിസന്ധിക്ക് പരിഹാരമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഫെഡറേഷന് ഓഫ് സൗദി ചേംബേഴ്സ് ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.