മദീന: റമദാനിൽ പുണ്യനഗരത്തിലെത്തുന്ന ഭക്തർക്ക് അനുഗ്രഹമായി മദീനയിലെ പ്രവാചക പള്ളിയിലേക്കും മസ്ജിദ് ഖുബായിലേക്കും ഷട്ടിൽ സർവിസുകൾ നടത്തി ‘മദീന ബസ്’. ഇരു പള്ളികളിലേക്കും ആയിരക്കണക്കിന് ആളുകളുടെ യാത്ര സുഗമമാക്കാനും റോഡുകളിലെ വാഹനത്തിരക്ക് കുറക്കാനും മദീന വികസന അതോറിറ്റിയാണ് ഷട്ടിൽ സർവിസ് ഏർപ്പെടുത്തിയത്. ഏഴ് സ്റ്റേഷനുകളിൽനിന്ന് ഇരു പള്ളികളിലേക്കും നിരന്തരം സർവിസുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച് രാത്രി ഖിയാമുല്ലൈൽ പ്രാർഥനക്ക് ശേഷം ഒരു മണിക്കൂർകൂടി നീളുന്ന വിധമാണ് ബസ് സർവിസ്.
നഗരവാസികൾക്കും ഇരു പള്ളികളിലേക്കും യാത്ര ചെയ്യുന്നവർക്കും ഏറെ ഉപകാരപ്രദമാണ് സർവിസ്. സ്പോർട്സ് സ്റ്റേഡിയം, ദുറത്ത് അൽ മദീന, സയ്യിദ് അൽ ഷുഹദാഅ്, ഇസ്ലാമിക് യൂനിവേഴ്സിറ്റി, അൽ ഖാലിദിയ ഡിസ്ട്രിക്ട്, ശാത്വിയ ഡിസ്ട്രിക്ട്, ബാനി ഹാരിസ എന്നീ സ്റ്റേഷനുകളിൽനിന്നാണ് പ്രവാചകന്റെ പള്ളിയിലേക്ക് സർവിസ്.
ഖുബാ പള്ളിയിലേക്ക് വിശ്വാസികളെ കൊണ്ടുപോകാൻ അൽ ആലിയ മാളിലെ പാർക്കിങ് സ്ഥലം നിശ്ചയിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ബസ് സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കുകളും അടക്കമുള്ള വിശദവിവരങ്ങൾ https://madinahbus.mda.gov.sa/index.html എന്ന ലിങ്ക് വഴി അറിയാമെന്ന് മദീന വികസന അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.