റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ആറ് സ്പോർട്സ് ക്ലബുകൾ കൂടി സ്വകാര്യവത്കരിക്കുന്നു. സെപ്റ്റംബർ 19 വരെയാണ് ഇതിനായുള്ള അപേക്ഷകൾ സ്വകാര്യ സംരംഭകരിൽനിന്ന് സ്വീകരിക്കുന്നത്.
ദേശീയ സ്വകാര്യവത്കരണ കേന്ദ്രവുമായി സഹകരിച്ചാണ് കായിക മന്ത്രാലയം സുൽഫി, നഹ്ദ, ഉഖ്ദൂദ്, അൻസാർ, ഉറൂബ, ഖുലൂദ് എന്നീ ക്ലബുകളാണ് രണ്ടാം ഘട്ടമായി സ്വകാര്യവത്കരിക്കുന്നത്.
സ്പോർട്സ് ക്ലബ് സ്വകാര്യവത്കരണ, നിക്ഷേപ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ വിവിധ ഡിവിഷനുകളിൽനിന്നുള്ള 14 ക്ലബുകൾ കൂടി സ്വകാര്യവത്കരിക്കുമെന്ന് കായിക മന്ത്രാലയം പ്രഖ്യാപിച്ചു. നാലാം ഘട്ടത്തിൽ അൽ ഷോല, ഹജർ, അൽ നജ്മ, അൽ റിയാദ്, അൽ റൗദ, ജിദ്ദ, അൽ തറാജി, അൽ സഹ്ൽ എന്നീ എട്ട് ക്ലബുകൾ കൂടി സ്വകാര്യവത്കരിക്കും.
ആദ്യ ഘട്ടത്തിൽ അൽ ഹിലാൽ, അൽ നസ്ർ, അൽ അഹ്ലി, അൽ ഇത്തിഹാദ് എന്നിവയുടെ വിജയകരമായ സ്വകാര്യവത്കരണത്തെ തുടർന്നാണ് സ്പോർട്സ് ക്ലബ് സ്വകാര്യവത്കരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്.
പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് വിവിധ ഗ്രേഡുകളിലുള്ള ക്ലബുകളിൽ അവസരങ്ങൾ നൽകി കായിക വ്യവസായത്തെ ത്വരിതപ്പെടുത്തുക ലക്ഷ്യമിട്ടാണിത്. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കിരീടാവകാശി ആരംഭിച്ച സ്പോർട്സ് ക്ലബുകൾക്കായുള്ള നിക്ഷേപ, സ്വകാര്യവത്കരണ പദ്ധതിയുടെ തുടർച്ചയാണിത്.
കായിക മേഖല കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും സ്വകാര്യമേഖലക്ക് പങ്കാളിത്തം നൽകുന്നതിനുള്ള അവസരങ്ങളൊരുക്കുന്നതിനും ദേശീയ ടീമുകൾക്കും ക്ലബുകൾക്കും എല്ലാ കായിക പരിശീലകർക്കും ആവശ്യമുള്ള നേട്ടം കൈവരിക്കുന്നതിനുമാണ്.
ക്ലബുകളുടെ സ്വകാര്യവത്കരണം പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുകയും രാജ്യത്തെ കായികവിനോദരംഗത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന് ശക്തവും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.