റിയാദ്: വർഗീയതയെ വർഗീയമായി ചേരി തിരിഞ്ഞല്ല നേരിടേണ്ടതെന്നും സമരങ്ങൾ മതനിരപേ ക്ഷമായി സംഘടിപ്പിക്കപ്പെടേണ്ടതാണെന്നും സി.പി.എം സംസ്ഥാന സമിതി അംഗം എം. സ്വരാജ് എം.എ ൽ.എ. കേളി കലാസാംസ്കാരിക വേദി 19ാം വാർഷികാഘോഷം റിയാദിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരിക്കുന്നവരുടെ ജാതിയോ മതമോ ഏതെങ്കിലും തരത്തിലുള്ള സംഘർഷത്തിലേക്കോ സ്പർധയിലേക്കോ നയിച്ചതായി ഇന്ത്യചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. മതവും വിശ്വാസവുമൊക്കെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിെൻറ പ്രശ്നങ്ങളായാണ് ഇന്ത്യൻ സമൂഹം കണ്ടിട്ടുള്ളത്. ബി.ജെ.പി ഇന്ത്യയിലെ ഹിന്ദുക്കളുടെ രാഷ്ട്രീയ പാർട്ടിയാണെന്ന് ചിലർക്ക് തെറ്റിദ്ധാരണയുണ്ട്. വർഗീയവാദികളായ ഒരു ചെറുവിഭാഗം ഹിന്ദുക്കളുടെ വർഗീയ പാർട്ടി മാത്രമാണതെന്നും മതവിശ്വാസികളായ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹം അക്കാര്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിലെ സംഘർഷംകൊണ്ട് ഭരണ പരാജയം മറയ്ക്കാൻ കഴിവുകെട്ട ഭരണാധികാരികൾ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പുണ്ടായ പുൽവാമയിലെ സ്ഫോടനത്തിെൻറ കാരണം ഇതായിരിക്കാമെന്ന് കാലം തെളിയിക്കും.
അയൽരാജ്യങ്ങളോടുള്ള ശത്രുത ഊതിപ്പെരുപ്പിച്ച് അങ്ങനെ കൃത്രിമമായ രാജ്യസ്നേഹം സൃഷ്ടിച്ച് അതിെൻറ ചെലവിൽ ഭരണപരാജയങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള കുടിലതന്ത്രമാണ് കേന്ദ്ര സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബഗ്ലഫിലെ മോഡേൺ മിഡിലീസ്റ്റ് സ്കൂൾ ഒാഡിറ്റോറിയത്തിൽ ‘കേളിദിനം 2020’െൻറ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സുനിൽ സുകുമാരൻ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. പ്രസിഡൻറ് ഷമീർ കുന്നുമ്മൽ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സജീവൻ ചൊവ്വ, ഫ്യൂചർ എജുക്കേഷൻ പ്രതിനിധി റിയാസ്, ടോണി (ജോയ് ആലുക്കാസ്), ജമാൽ ഫൈസൽ ഖ്ഹത്താനി, എം. ഷാഹിദ, മണി വി. പിള്ള, കാസിം, രമേശ് കൊറ്റി, രാമചന്ദ്രൻ അറബ്കോ, ഷരീഫ്, ബഷീർ മുസ്ല്യാരകം, പ്രസാദ്, സിദ്ദീഖ്, നൗഷാദ് കോർമത്ത്, സീബ കൂവോട്, പ്രിയ വിനോദ്, അഷ്റഫ് വടക്കേവിള, നവാസ് വെള്ളിമാട്കുന്ന് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും സംഘാടക സമിതി കൺവീനർ സുരേഷ് കണ്ണപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.