ജിദ്ദ: വേർപെടുത്തൽ ശസ്ത്രക്രിയക്കായി സിറിയൻ സയാമീസ് ഇരട്ടകളായ ഇഹ്സാൻ, ബസാം എന്നീ കുട്ടികളെ റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്നാണ് പ്രത്യേക എയർ മെഡിക്കൽ വിമാനത്തിൽ മാതാപിതാക്കളോടൊപ്പം അങ്കാറയിൽനിന്ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. വിദഗ്ധ പരിശോധനക്കായി സയാമീസുകളെ നാഷനൽ ഗാർഡിന് കീഴിലെ കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. വരുംദിവസങ്ങളിൽ കുട്ടികളുടെ ശാരീരിക അവസ്ഥകൾ പഠിക്കുകയും വേർപെടുത്താനുള്ള സാധ്യതകളെക്കുറിച്ച് പരിശോധനകൾ നടക്കുകയും ചെയ്യും.
സിറിയൻ സയാമീസുകളെ റിയാദിലെത്തിക്കാൻ നിർദേശം നൽകിയ സൽമാൻ രാജാവിനും കിരീടാവകാശിക്കും സയാമീസ് ശസ്ത്രക്രിയ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅ നന്ദി അറിയിച്ചു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്നവരുടെ ദുരിതങ്ങൾ ഇല്ലാതാക്കാൻ സൽമാൻ രാജാവും കിരീടാവകാശിയും കാണിക്കുന്ന ശ്രദ്ധയും പിന്തുണയും അൽറബീഅ എടുത്തുപറഞ്ഞു. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി സൗദി ആരോഗ്യമേഖലയുടെ മികവിനെ ഉൾക്കൊള്ളുന്നതാണ് സയാമീസുകളെ വേർപെടുത്താനുള്ള പദ്ധതി.
രാജ്യത്തെ ആരോഗ്യമേഖല വികസിപ്പിച്ച് ലോകരാജ്യങ്ങളുടെ മുൻനിരയിൽ എത്തുന്നതായും അദ്ദേഹം പറഞ്ഞു. വേർപെടുത്തൽ ശസ്ത്രക്രിയക്ക് ഇഹ്സാനെയും ബസാമിനെയും സൗദിയിലെത്തിക്കാനുള്ള സൽമാൻ രാജാവിന്റെ നിർദേശം ലഭിച്ചതു മുതൽ സന്തോഷത്തിലാണെന്ന് സയാമീസുകളുടെ മാതാപിതാക്കൾ പറഞ്ഞു. സൽമാൻ രാജാവിനും കിരീടാവകാശിക്കും അവർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.