ജിദ്ദ: ശനിയാഴ്ച നാട്ടിൽ വെച്ച് അന്തരിച്ച മലപ്പുറം പാണ്ടിക്കാട് ഒലിപ്പുഴ സ്വദേശിയും പണ്ഡിതനും ബഹുഭാഷ പ്രതിഭയുമായിരുന്ന കെ.കെ. അബ്ദുല്ലയുടെ വിയോഗം ജിദ്ദയിലെ തനിമ പ്രവർത്തകർക്ക് നൊമ്പരപ്പെടുത്തുന്ന വാർത്തയായി. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. തനിമ ജിദ്ദ പ്രസിഡൻറ് കൂടിയായിരുന്ന കെ.കെ. അബ്ദുല്ല മികച്ച സംഘാടകനും എഴുത്തുകാരനും വാഗ്മിയും സാമൂഹ്യ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്ന ആളായിരുന്നു.
ജിദ്ദയിൽ ഫൈസൽ ഇസ്‌ലാമിക് ബാങ്കിൽ ദീർഘകാലം മാനേജറായി ജോലിയിലിരിക്കുമ്പോഴും സാധാരണക്കാരനെ പോലെയായിരുന്നു അദ്ദേഹത്തിെൻറ ജീവിത ശൈലി. കെ.കെ എന്ന രണ്ടക്ഷരം കൊണ്ട് തന്നെ ജിദ്ദയുടെ പൊതുമണ്ഡലത്തിൽ ഏറെ അറിയപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു. വിവിധ സംഘടന നേതാക്കളുമായും മറ്റുമായി വലിയ സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ചു. ‘‘ഒട്ടും തുളുമ്പാത്ത നിറകുടം. സ്റ്റേജിലോ പേജിലോ നിറഞ്ഞുനിൽക്കാൻ കഴിയുമാറ് ഒട്ടേറെ സാധ്യതകൾ ഉണ്ടായിരുന്നിട്ടും ആവശ്യം വരുന്ന സ്ഥലത്ത് ആവശ്യത്തിന് മാത്രം എല്ലാ കാര്യങ്ങളും നിർവഹിച്ചുവന്ന വിനയാന്വിതനായ നേതാവായിരുന്നു കെ.കെ.അബ്ദുല്ല. ജിദ്ദക്ക് പുറത്ത് മറ്റു സ്ഥലങ്ങളിലെ ചില പരിപാടികൾക്ക് കൂടെ പോവാൻ നിരവധി അവസരങ്ങൾ ഉണ്ടായ സന്ദർഭങ്ങളിൽ അദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ എന്ന ഖേദമാണെനിക്കിപ്പോൾ’’ -തനിമ വെസ്റ്റേൺ റീജിയൻ രക്ഷാധികാരി അബ്ദുറഹീം പറയുന്നു.
കെ.കെ. അബ്ദുല്ലയുടെ മയ്യിത്ത് ഞായറാഴ്ച രാവിലെ 10ന് ഒലിപ്പുഴ അൻസാർ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അദ്ദേഹത്തോടൊപ്പം ജിദ്ദയിൽ പ്രവർത്തന രംഗത്തുണ്ടായിരുന്നവരിൽ അധികപേരും ഇപ്പോൾ നാട്ടിൽ വിശ്രമജീവിതത്തിലാണ്. ദീർഘ കാലമായി രോഗശയ്യയിലായിരുന്ന തങ്ങളുടെ സഹപ്രവർത്തകെൻറ വിയോഗ വാർത്ത അറിഞ്ഞിട്ടും കോവിഡ് നിയന്ത്രണങ്ങൾ കാരണം അവസാനമായി ഒരുനോക്ക് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തിലാണ് അവരിൽ പലരും.
തനിമ കേന്ദ്ര സെക്രട്ടറിയേറ്റ് അനുശോചിച്ചു
ദമ്മാം: കെ.കെ. അബ്ദുല്ലയുടെ വിയോഗത്തിൽ തനിമ കേന്ദ്ര സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. താൻ വിശ്വസിച്ച ആദർശത്തിനും പ്രവർത്തിച്ച പ്രസ്ഥാനത്തിനും വേണ്ടി സമർപ്പണ ബോധത്തോടെ നിലകൊണ്ട പണ്ഡിതനായിരുന്നു അദ്ദേഹമെന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. തനിമ സാംസ്കാരിക വേദിയുടെ തുടക്കം മുതൽ തന്നെ നേതൃപരമായ പങ്ക് വഹിച്ചിരുന്ന അദ്ദേഹത്തിെൻറ വേർപാടുമൂലം കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുകയും അദ്ദേഹത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നുവെന്ന് തനിമ കേന്ദ്ര പ്രസിഡൻറ് കെ.എം. ബഷീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.