'പ്രവാചകന്റെ വഴിയും വെളിച്ചവും' എന്ന പേരിൽ തനിമ സംഘടിപ്പിച്ച ക്യാമ്പയിൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

അധ:സ്ഥിതരോടുള്ള പ്രവാചക സമീപനം എക്കാലത്തും മാനവകുലത്തിന് മാതൃക -പി.സുരേന്ദ്രന്‍

ജിദ്ദ: അന്ധകാരത്തിലാണ്ടുപോയ ജനതയെ അസാധാരണമായ ജ്ഞാനമാര്‍ഗത്തിലേക്ക് നയിച്ച മഹാവ്യക്തിത്വമാണ് പ്രവാചകന്‍ മുഹമ്മദ് നബിയെന്നും വളരെയധികം പ്രയാസകരമായ ദിനങ്ങളിലൂടെ ലോകം കടന്നുപോവുമ്പോൾ പ്രവാചക സന്ദേശം വഴിയും വെളിച്ചവുമാണെന്നും സാഹിത്യകാരൻ പി. സുരേന്ദ്രന്‍ പറഞ്ഞു. 'പ്രവാചകന്റെ വഴിയും വെളിച്ചവും' എന്ന തലക്കെട്ടില്‍ തനിമ സാംസ്കാരിക വേദി അഖില സൗദി തലത്തിൽ നടത്തുന്ന ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവരാശിയുടെ വിമോചനത്തിന് നിയോഗിക്കപ്പെട്ട പ്രവാചകന്റെ സന്ദേശം ലോകജനതക്കാകമാനമാണ്. അധ:സ്ഥിതരോടുള്ള പ്രവാചകന്റെ സമീപനം എക്കാലത്തേയും മാനവകുലത്തിന് മാതൃകാപരമാണ്. പ്രവാചകന്‍ അടിമയായ ബിലാലിനോട് കാണിച്ച ആദ്രതയും കാരുണ്യവും അദ്ദേഹത്തിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.

പലിശക്കെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാട് എടുത്ത് പറയേണ്ടതാണ്. വിവിധ രാജ്യങ്ങൾ തമ്മിൽ അതിർ തർക്കങ്ങളും മറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ ഹുദൈബിയ സന്ധിപോലെയുള്ള പ്രവാചകന്റെ വിട്ടുവീഴ്ച സംഭവങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും വിട്ടുവീഴ്ചകൾ കൊണ്ട് മാത്രമേ ലോകം നിലനില്‍ക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വംശീയതയുടേയും ദേശീയതയുടേയും പേരില്‍ കലഹിക്കുന്ന വർത്തമാന കാലത്ത് പ്രവാചക സന്ദേശങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും ജനതക്ക് നന്മയുടെയും തിന്മയുടെയും മാര്‍ഗ്ഗങ്ങൾ കാണിച്ചു കൊടുക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു മുഹമ്മദ് നബിയെന്നും മാധ്യമം - മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹിമാന്‍ പറഞ്ഞു. പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാലമായ മാനവികതയാണ് പ്രവാചക സന്ദേശത്തിന്റെ അന്ത:സ്സത്ത. ഏകദൈവവിശ്വാസം മാനവികതയിലേക്ക് നയിക്കുമെന്ന് പ്രവാചകന്‍ തെളിയിച്ചു. അതില്‍ നിന്ന് വ്യതിചലിച്ചാല്‍ അസമാധാനമായിരിക്കും ഫലമെന്ന് സമകാലീന ലോകം ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.

ഓൺലൈൻ പരിപാടിയിൽ തനിമ സൗദി പ്രസിഡന്റ്‌ കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ക്യാമ്പയിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ക്വിസ് മത്സര പ്രഖ്യാപനവും ചടങ്ങിൽ നടന്നു. വെസ്റ്റേൻ പ്രൊവിൻസ് പ്രസിഡണ്ട് എൻ.കെ. അബ്ദുൽ റഹീം സ്വാഗതവും ക്യാമ്പയിൻ കൺവീനർ താജുദ്ധീൻ ഓമശ്ശേരി നന്ദിയും പറഞ്ഞു.

ഒക്ടോബർ 15 മുതൽ നവംബർ ആറ് വരെ നീണ്ടു നില്‍ക്കുന്നതാണ് ക്യാമ്പയിന്‍. ക്യാമ്പയിനിന്റെ ഭാഗമായി റിയാദ്, ദമ്മാം, ജിദ്ദ പ്രൊവിൻസുകളിലായി ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന വ്യത്യസ്തങ്ങളായ വെബിനാറുകളും മലയാളി സുഹൃത്തുക്കള്‍ക്കായി ആകർഷമായ സമ്മാനങ്ങളോടെ മെഗാ ക്വിസ് മത്സരവും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.