റിയാദ്: സൗദിയിലെ രണ്ടാമത്തെ വലിയ ഇരട്ട കടൽപാലത്തിന്റെ നിർമാണം 88 ശതമാനം പൂർത്തിയായി. 3.2 കി.മീ. ദൈർഘ്യമുള്ള സഫ്വ - റാസ് തനൂറ പാലം നിർമാണപദ്ധതി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി റോഡ് അതോറിറ്റി അറിയിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ ഇരട്ട കടൽപാലമാണിത്.
റാസ് തനൂറ ഗവർണറേറ്റ് പരിധിയിലേക്ക് പുതിയ പ്രവേശന കവാടവും എക്സിറ്റും ചേർക്കുന്ന ഈ കടൽപാലം നിർമാണം പൂർത്തിയാകുമ്പോൾ രാജ്യത്തെ പ്രധാന കടൽപാലങ്ങളിലൊന്നാകും.
ദമ്മാം സഫയിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ കടൽപാലം. റാസ് തനൂറക്കും ദമ്മാമിനും ഖത്വീഫിനുമിടയിലെ ദൂരം കുറക്കുന്നതിന് ഇത് സഹായിക്കുമെന്നും റോഡ് അതോറിറ്റി പറഞ്ഞു. നഗരങ്ങളും ഗവർണറേറ്റുകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും സൗദിയുടെ വിവിധ പ്രദേശങ്ങൾക്കിടയിൽ ജനങ്ങളുടെയും ചരക്കുകളുടെയും സഞ്ചാരം സുഗമമാക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഈ പദ്ധതി വരുന്നത്.
ഒരു ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയിൽ ഇത് രാജ്യത്തിന്റെ സ്ഥാനം വർധിപ്പിക്കും. ഈ കടൽപാലത്തോട് വന്നുചേരുന്ന വിവിധ റോഡുകളുടെ ടാറിങ് ജോലികളും സഫ്വ ഗവർണറേറ്റ് പരിധിയിലെ 15 വാട്ടർ ഡ്രെയിനേജ് കനാലുകളും റാസ് തനൂറ ഗവർണറേറ്റിലെ ഒമ്പത് വാട്ടർ ഡ്രെയിനേജ് കനാലുകളും പുതുതായി നിർമിക്കുന്ന ജോലികളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെന്ന് അതോറിറ്റി വിശദീകരിച്ചു.
റോഡ് മേഖല തന്ത്രത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി മേഖലകൾ തമ്മിലുള്ള സഞ്ചാരം സുഗമമാക്കുന്നതിന് പദ്ധതി സംഭാവന ചെയ്യും.
മേഖലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കും. ടൂറിസം പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതിനും ഇത് സംഭാവന ചെയ്യും. വിവര ചിഹ്നങ്ങൾ, ഫ്ലോർ പെയിൻറ്സ്, ഫ്ലോർ മാർക്കിങ്ങുകൾ, മുന്നറിയിപ്പ് വൈബ്രേഷനുകൾ, കോൺക്രീറ്റ് ഭിത്തികൾ തുടങ്ങിയവ നിർമിക്കുന്നതിലും സ്ഥാപിക്കുന്നതിലും ഉന്നത ഗുണനിലവാരവും സുരക്ഷയും പാലിക്കുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
അതേസമയം കിഴക്കൻ പ്രവിശ്യയിലെ സഫ്വ, റാസ് തനൂറ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ കടൽപാലത്തിന്റെ നിർമാണം 2020ലാണ് ആരംഭിച്ചത്. അടിസ്ഥാന സൗകര്യവികസന പദ്ധതിയുടെ ഭാഗമായാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
നഗരങ്ങളും ഗവർണറേറ്റുകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഗതാഗത മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു പദ്ധതി. റോഡ് മേഖല മെച്ചപ്പെടുത്തുന്നതിനായി നിരവധി സുപ്രധാന പദ്ധതികളും സംരംഭങ്ങളും നടപ്പാക്കുന്നത് അതോറിറ്റി തുടരുകയാണ്. 2030ഓടെ ആഗോള റോഡ് ഗുണനിലവാര സൂചികയിൽ ആറാം റാങ്കിലെത്തി റോഡ് മേഖലയുടെ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.